മാഹി: സ്‌കൂള്‍ തുറന്നിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അധ്യാപകരുടെ കുറവ് പരിഹരിക്കാതെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന അധികാരികളുടെ ഉദാസീന നടപടികള്‍ക്കെതിരേ ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണയും പ്രകടനവും നടത്തി. അധ്യാപകരുടെ കുറവ് എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ മറ്റ് സമരപരിപാടികള്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്യുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ച എഫ്.എസ്.എ പ്രസിഡന്റ് സി.എച്ച് സത്യനാഥന്‍ അഭിപ്രായപ്പെട്ടു. ജി.എസ്.ടി.എ പ്രസിഡന്റ് പി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച ധര്‍ണ പ്രകടനമായി വന്ന് മാഹി അഡ്മിനിസ്റ്റര്‍ ഓഫിസ് പരിസരത്ത് സമാപിച്ചു. എഫ്.എസ്.എ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഭാനു , ജി.എസ്.ടി.എ മുന്‍ സെക്രട്ടറി കെ.പവിത്രന്‍ , ഗവ. എംപ്ലോയീസ് യൂനിയന്‍ സെക്രട്ടറി പ്രമോദ് കുമാര്‍ , കെ.പി സുധീര്‍ , പി.യതീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജി.എസ്.ടി. എ സെക്രട്ടറി കെ.വി മുരളീധരന്‍ സ്വാഗതവും ട്രഷറര്‍ പി.കെ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.