ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറന്നു. തമിഴ്‌നാട് അധികൃതരുമായി ചേര്‍ന്ന് തീരുമാനിച്ച ശേഷമാണ് ഒരു മണിക്ക് ശേഷം തുറക്കാം എന്ന തീരുമാനത്തില്‍ അധികൃതര്‍ എത്തിയത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും വെള്ളത്തിന്റെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ നിലവില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. എന്നാല്‍, സാഹചര്യങ്ങള്‍ വിലയിരുത്തി തുറക്കാം എന്ന നിലയിലായിരുന്നു അധികൃതര്‍.
30 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രണ്ട് മണിക്കൂറിന് ശേഷം ഇത് 1000 ഘനയടിയാക്കും. ഇതേ തുടര്‍ന്ന് പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വള്ളക്കടവ്, ചപ്പാത്ത്, ഉപ്പുതര, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍.ഡി.ആര്‍.എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചു. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും റവന്യൂ മന്ത്രി കെ. രാജന്‍ നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ ഇന്ന് 11.30ന് തുറക്കമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പിന്നീട് ഇത് 12.30 ആയി മാറ്റിയിരുന്നു. അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ഇടുക്കിയിലെ പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളിലാണ് മുന്നറിയിപ്പ്. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.