കോഴിക്കോട്: ആവശ്യക്കാര്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്ന അക്ഷരങ്ങള്‍ സൃഷ്ടിക്കലല്ല മാധ്യമപ്രവര്‍ത്തനമെന്നും ഭരണകൂടങ്ങളുടേയും മറ്റ് താല്‍പ്പര്യക്കാരുടേയും ജനവിരുദ്ധ നടപടികളെ ചെറുക്കലാണ് മാധ്യമ ധര്‍മമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. സത്യത്തിന്റെ ചൂണ്ടുവിരലാവണം മാധ്യമ പ്രവര്‍ത്തകര്‍. സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന് ദേശീയ പ്രസ്ഥാന ചരിത്രത്തില്‍ പങ്കുണ്ട്. മാതൃഭൂമിയും അല്‍ അമീനും ദേശീയ സ്വാതന്ത്ര്യസമരത്തിന് ശക്തി പകര്‍ന്നത് കോഴിക്കോട് നിന്നാണ്.
മലയാളിയെ നവോത്ഥാനത്തിലേക്ക് നയിച്ചതില്‍ മുന്‍കാല മാധ്യമപ്രവര്‍ത്തകരുടെ പങ്ക് സ്മരണീയമാണ്. പത്ര മാനേജ്‌മെന്റുകളുടെ താല്‍പര്യമോ, ഭരണകൂടങ്ങളുടെ താല്‍പര്യമോ നോക്കാതെ നിര്‍ഭയമായി അഭിപ്രായം പറഞ്ഞ പാരമ്പര്യമാണ് മുന്‍കാല പത്രപ്രവര്‍ത്തകര്‍ക്കുള്ളത്. ഭരണകൂടങ്ങള്‍ അവര്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ വാര്‍ത്തയാവുമ്പോള്‍ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാന്‍ വരെ ശ്രമിക്കുകയാണ്. പുതുതലമുറ മാധ്യമപ്രവര്‍ത്തകര്‍ സീനിയര്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് പാഠങ്ങള്‍ പഠിക്കണമെന്നദ്ദേഹം നിര്‍ദേശിച്ചു.
സീനിയര്‍ ജേണലിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. കോഴിക്കോട് മീഡിയ അക്കാദമി സ്ഥാപിക്കുന്നതിനുവേണ്ടി സീനിയര്‍ ജേണലിസ്റ്റ് ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി സ്വാഗതം ചെയ്യുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.പ്രതാപ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത, കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ഫിറോസ്ഖാന്‍, സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന ജന.സെക്രട്ടറി എ.മാധവന്‍, അഡ്വ.എം രാജന്‍ ആശംസകള്‍ നേര്‍ന്നു. എണ്‍പത് വയസായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു.