ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം ദിനംപ്രതി കൊലചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. എതിര്‍പ്പുകള്‍ ഉന്നയിക്കുന്നവരെ അന്വേഷണ ഏജന്‍സികളിലൂടെ സമ്മര്‍ദ്ദത്തിലാക്കുകയും കേസുകളില്‍ കുടുക്കി ജയിലിലിടുകയുമാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വലിയ വിലക്കയറ്റമാണ് തുടരുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈനയുടെ കടന്നുകയറ്റം എന്നിങ്ങനെയുള്ള പല വിഷയങ്ങളില്‍ താന്‍ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രകോപിതരാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില ബിസിനസുകാര്‍ക്ക് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലാണ്. എല്ലായിടത്തും അവരുടെ ആളുകളെ നിയമിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എത്രത്തോളം താന്‍ സത്യം പറയുന്നോ അത്രത്തോളം തന്നെ ആക്രമിക്കുകയാണ്. കള്ളം മാത്രമാണ് സര്‍ക്കാര്‍ പറയുന്നത്.
അതേസമയം കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് ജന്തര്‍ മന്തര്‍ ഒഴികെ ഡല്‍ഹിയിലെ എല്ലാ സ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചുവെന്നും ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.