- രവി കൊമ്മേരി
ദുബായ്: ദുബായില്‍ ഇനി ആര്‍.ടി.എയുടെ പ്രധാന സേവനങ്ങള്‍ അതിവേഗ ട്രാക്കില്‍. ‘ക്ലിക് ആന്‍ഡ് ഡ്രൈവ്’ സ്മാര്‍ട് സേവനത്തില്‍ ഒറ്റ ക്ലിക്കില്‍ ഇടപാടുകള്‍ നടത്താം. ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ക്കും കണ്ണ് പരിശോധനയ്ക്കും ഓഫിസുകള്‍ കയറിയിറങ്ങേണ്ടതില്ലായെന്നും അതിനായി മൊബൈല്‍ ഐ ടെസ്റ്റിങ് യൂനിറ്റുകള്‍ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.
പുതിയ സംവിധാനത്തില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും ‘ക്ലിക് ആന്‍ഡ് ഡ്രൈവിലൂടെ’ ഡിജിറ്റലൈസേഷന്റെ 92% യാഥാര്‍ഥ്യമായെന്നും ആര്‍.ടി.എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. എല്ലാവിധ സേവനങ്ങള്‍ക്കു വേണ്ടിവരുന്ന സമയം 75% ലാഭിക്കാം. പന്ത്രണ്ട് തലങ്ങളില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ ഏഴായി ചുരുങ്ങും. വാഹന ലൈസന്‍സ് നടപടികളടക്കം പൂര്‍ണമായും കടലാസ് രഹിതമാകും.
ഈ വര്‍ഷം നാലാം പാദത്തില്‍ അന്‍പത് ശതമാനത്തിലേറെ ലക്ഷ്യം നേടാമെന്നാണ് പ്രതീക്ഷ. കാറുകള്‍ വാടകയ്ക്കു നല്‍കുന്ന സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തു. ബ്ലോക്‌ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയതോടെ ഒട്ടേറെ നൂലാമാലകള്‍ ഒഴിവായി. ഇന്‍സ്‌പെക്ടര്‍മാരുടെ സേവനസമയം കുറയ്ക്കാനും കാര്യക്ഷമത കൂട്ടാനും കഴിഞ്ഞു.
ലൈസന്‍സുമായി ബന്ധപ്പെട്ട കണ്ണ് പരിശോധനയ്ക്കുള്ള മൊബൈല്‍ സേവനം വിപുലമാക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ഇതിന് അനുമതി നല്‍കും. ഉപയോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് കൃത്യസമയത്ത് മൊബൈല്‍ യൂണിറ്റ് എത്തും. ഡ്രൈവിങ് ലൈസന്‍സ് ഉടന്‍ പുതുക്കി കിട്ടാനും സൗകര്യമൊരുക്കി. പരിശോധനാഫലം ഡൗണ്‍ലോഡ് ചെയ്ത് തത്സമയം ലൈസന്‍സ് പുതുക്കി വാങ്ങാം. പുതിയ ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്‌തോ പകര്‍പ്പെടുത്തോ സൂക്ഷിച്ചാല്‍ മതിയെന്നും ആര്‍.ടി.എ വ്യക്തമാക്കി.