കോഴിക്കോട്: കോഴിക്കോട്ടുകാരന്‍ ഫായിസ് അഷ്‌റഫ് അലിക്ക് പിടിടാനുള്ള ദൂരം രണ്ട് വന്‍കരകള്‍, 35 രാജ്യങ്ങള്‍, 30,000 കിലോമീറ്റര്‍, 450 ദിവസം. ഫായിസിന്റെ ലോക സൈക്കിള്‍യാത്രക്ക് ആഗസ്റ്റ് 15ന് തിരുവനന്തപുരത്ത് തുടക്കമാവുകയാണ്. എന്‍ജിനീയറായ ഫായിസിന് സൈക്കിള്‍ യാത്രകള്‍ ഹരമായിട്ട് ഏതാനും വര്‍ഷങ്ങളായി. അഞ്ചുവര്‍ഷത്തോളം എന്‍ജിനീയറായി ജോലി ചെയ്തു. പിന്നീട് 2015ല്‍ വിപ്രോയിലെ ജോലി രാജിവച്ചു. പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് സൗദിയില്‍ നിന്ന് നാട്ടിലെത്തിയത്. അപ്പോഴാണ് സൈക്കിളിലൂടെ ആരോഗ്യമെന്ന ചിന്തയിലേക്കെത്തിയത്. ജോലി ചെയ്യാതിരുന്ന സമയത്ത് 2019ല്‍ സിങ്കപ്പൂരിലേക്ക് ഒരു യാത്ര നടത്തി. 104 ദിവസമെടുത്തായിരുന്നു ആ യാത്ര. റോട്ടറി ക്ലബായിരുന്നു എല്ലാ പിന്തുണയും നല്‍കിയത്. ആ യാത്ര നല്‍കിയ ആത്മവിശ്വാസമാണ് ലണ്ടന്‍ യാത്രക്കുള്ള പ്രചോദനം.
ഇന്ത്യയില്‍ 30 ദിവസമുണ്ടാകും. അതുകഴിഞ്ഞ് മസ്‌ക്കറ്റ്. അവിടെ നിന്നാണ് തുടര്‍ യാത്രകള്‍. പാക്കിസ്താന്‍ ഒഴിവാക്കിയാണ് യാത്ര. ഒമാന്‍, യു.എ.ഇ, സൗദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഇറാഖ്, ഇറാന്‍, അസര്‍ബൈജാന്‍, ജോര്‍ജിയ, തുര്‍ക്കിയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര തുടരും. ഏതാനും ജോടി വസ്ത്രം, സൈക്കിള്‍ ടൂള്‍സ്, സ്ലീപ്പിങ് ബാഗ്, ക്യാമറ തുടങ്ങിയവയാണ് ഒപ്പം കരുതുന്നത്. ദിവസം 80 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാണ് തീരുമാനം. റോട്ടറി ക്ലബ് അംഗമായതിനാല്‍ അവര്‍ താമസവും ഭക്ഷണവും ഒരുക്കും. അല്ലാത്ത സ്ഥലത്ത് ടെന്റടിച്ച് കഴിയുകയോ ആരാധനാലയങ്ങളില്‍ വിശ്രമിക്കാനോ ആണ് ഉദ്ദേശിക്കുന്നത്. യാത്രാച്ചെലവ് സ്‌പോണ്‍സര്‍മാര്‍ വഴി കെണ്ടത്തണം. പക്ഷെ ഇതുവരെ അതായിട്ടില്ല – ഫായിസ് പറഞ്ഞു. റൈഡിങ് ഗ്രൂപ്പ് എക്കോവീലേഴ്‌സ് ഇന്ത്യയും പിന്തുണയ്ക്കുന്നുണ്ട്.
നോര്‍ക്കാറൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനെ കണ്ട് സഹായമഭ്യര്‍ഥിച്ചതിന്റെ ഫലമായി യാത്ര പോകുന്നിടങ്ങളിലെ പ്രവാസി സംഘടനകള്‍ക്ക് വിവരം നല്‍കാമെന്നദ്ദേഹം ഏറ്റിട്ടുണ്ട്. ലോക സമാധാനം, ശരീരത്തിന്റെയും മനസ്സിന്റെയും സൗഖ്യം, പരിസ്ഥിതി സൗഹൃദ യാത്ര, കൈരളിയുടെ സംസ്‌കാരവും ഭംഗിയും ലോകം മുഴുവനും എത്തിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ യാത്രയ്ക്കുണ്ട്. 25 സര്‍വ്വകലാശാലകളും 150 സ്‌കൂളുകളും യാത്രക്കിടെ സന്ദര്‍ശിക്കും. ഭാര്യ അസ്മിന്‍ ഫായിസും മക്കള്‍ ഫഹ്‌സിന്‍ ഒമറും, അയ്‌സിന്‍ നഹേലും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും യാത്രക്ക് കരുത്ത് പകരുന്നുണ്ട്. കോഴിക്കോട്ടെ നല്ല സുഹൃത്തുക്കള്‍ സര്‍വ്വ പിന്തുണയും നല്‍കി കൂടെയുണ്ട്.