നാട്ടില്‍ പാസ്‌പോര്‍ട്ട് പുതുക്കിയ റെസിഡന്റ് വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കി

നാട്ടില്‍ പാസ്‌പോര്‍ട്ട് പുതുക്കിയ റെസിഡന്റ് വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കി

യു.എ.ഇ: കൊവിഡ് കാലത്താണ് ഇത്തരമൊരു നിബന്ധന നിലവില്‍ വന്നത്. യു.എ.ഇയില്‍ താമസ വിസയുള്ളവര്‍ നാട്ടിലെത്തി പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ അവര്‍ തിരിച്ചുയാത്ര ചെയ്യുന്നത് പുതിയ പാസ്‌പോര്‍ട്ടിലായിരിക്കും. എന്നാല്‍, വിസ പതിച്ചിരിക്കുന്നത് പഴയ പാസ്‌പോര്‍ട്ടിലാണെന്നിരിക്കെ നാട്ടിലെ വിമാനത്താവളത്തില്‍ ഈ രണ്ട് പാസ്‌പോര്‍ട്ടും ഒന്നിച്ചു ചേര്‍ത്തുവച്ച് യു.എ.ഇയിലേക്ക് തിരിച്ചുവരുന്നതിന് നേരത്തേ തടസ്സമുണ്ടായിരുന്നില്ല. പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നാട്ടിലെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍നിന്ന് തന്നെ യു.എ.ഇക്ക് കൈമാറി അപ്‌ഡേറ്റ് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു. എന്നാല്‍, കൊവിഡ് കാലത്ത് പുതുക്കിയ പാസ്‌പോര്‍ട്ടുമായി യാത്ര നടത്തുന്നവര്‍ പലപ്പോഴും നാട്ടിലെ വിമാനത്താവളത്തില്‍ കുടുങ്ങുന്ന സാഹചര്യമുണ്ടായിരുന്നു.
വിസ പഴയ പാസ്‌പോര്‍ട്ടില്‍ പതിച്ചിരിക്കുന്നവര്‍ യു.എ.ഇയിലെ ഐ.സി.എയുടെയോ ജി.ഡി.ആര്‍.എഫ്.എയുടെയോ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്ന് വിമാനക്കമ്പനികള്‍ നിബന്ധന വച്ചിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോള്‍ ഒഴിവാക്കിയത്. നിബന്ധന ആഗസ്റ്റ് രണ്ടുമുതല്‍ ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയത്.
നാട്ടിലെത്തി പാസ്‌പോര്‍ട്ട് പുതുക്കിയ ശേഷം മടങ്ങുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം. യു.എ.ഇയില്‍നിന്ന് മുന്‍കൂര്‍ അനുമതി തേടാതെ തന്നെ അവര്‍ക്ക് മടക്കയാത്ര നടത്താം. അതേസമയം, നിലവില്‍ നാട്ടില്‍നിന്ന് യു.എ.ഇയിലേക്ക് വരാനുള്ള മറ്റ് കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റങ്ങളൊന്നുമില്ല. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് പി.സി.ആര്‍ പരിശോധനയില്ലാതെ യാത്ര ചെയ്യാം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ 48 മണിക്കൂറിനുള്ളിലുള്ള പി.സി.ആര്‍ ഫലം ഹാജരാക്കണം.

Share

Leave a Reply

Your email address will not be published. Required fields are marked *