- വിപുലീകൃത ഓഫിസ് തുറന്ന് നെറ്റ്സ്റ്റേജറും ട്രാങ്ക്വിലും
കോഴിക്കോട്: കൊവിഡിന്റെ ആശങ്ക ഒഴിയുമ്പോള്‍ വടക്കന്‍ കേരളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കി യു.എല്‍ സൈബര്‍പാര്‍ക്കിലെ കമ്പനികള്‍ വളര്‍ച്ചയില്‍. ലോകത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കു വിപണനസേവനം നല്‍കുന്ന നെറ്റ്സ്റ്റേജര്‍ വിപുലമായ ഓഫിസ് യു.എല്‍ സൈബര്‍പാര്‍ക്കില്‍ (യു.എല്‍.സി.പി) ആരംഭിച്ചു. നൂറിലധികം ഫ്രഷ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കി ട്രാന്‍ക്വില്‍ ക്ലൗഡ് ഇ.ആര്‍.പി സോഫ്റ്റ്വെയര്‍ കമ്പനി മൂന്നുദിവസം പ്രവര്‍ത്തനം വിപുലപ്പെടുത്തി. ഹൈബ്രിഡ് വര്‍ക്ക് മോഡലില്‍ ആയിരം തൊഴിലുകള്‍ പ്രഖ്യാപിച്ച് റ്റാറ്റ എലെക്‌സി കേരളത്തിലെ രണ്ടാമത്തെ വലിയ ഡെവലപ്‌മെന്റ് സെന്റര്‍ തുറന്നതിനു പിന്നാലെയാണിത്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അതിവേഗം വളരാനും പുതിയ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും ബിസിനസ്സുകളെ സഹായിക്കുന്നതിന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഇ-കൊമേഴ്‌സ്, വെബ്, മൊബൈല്‍ ആപ്പ് ഡെവലപ്‌മെന്റ് എന്നിവയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ സേവന ഡിജിറ്റല്‍ ഏജന്‍സിയാണ് നെറ്റ്സ്റ്റേജര്‍. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ഔദ്യോഗിക പങ്കാളിയായ നെറ്റ്സ്റ്റേജര്‍ യു.എസ്.എ, യു.എ.ഇ, കാനഡ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇന്ത്യ എന്നിവയുള്‍പ്പെടെ 15 രാജ്യങ്ങളിലെ 500-ലധികം ക്ലയന്റുകള്‍ക്ക് നിലവില്‍ സേവനം നല്‍കുന്നുണ്ട്.
നിര്‍മാണ-വിതരണ-റീടെയില്‍-സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു വേണ്ട വ്യവസായ- ബിസിനസ് സോഫ്റ്റ്വെയര്‍ ആണ് ട്രാന്‍ക്വിലിന്റെ മുഖ്യ ഉല്‍പന്നം. ഇതിനകം എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുള്ള ട്രാന്‍ക്വില്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി. റ്റാറ്റ എല്‍ക്‌സിയുടെ കടന്നുവരവിനുപിന്നാലെ യു.എല്‍ സൈബര്‍പാര്‍ക്കിനൊപ്പം പാര്‍ക്കിലെ കമ്പനികളും വളര്‍ച്ച കൈവരിക്കുന്നതിന്റെ സൂചനയാണിതെന്ന് പാര്‍ക്ക് സി.ഇ.ഒ രവീന്ദ്രന്‍ കസ്തൂരി അഭിപ്രായപ്പെട്ടു.
നെറ്റ്സ്റ്റാഗര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ഹോട്ടല്‍ ട്രൈപെന്റയില്‍ സംഘടിപ്പിച്ച സാംസ്‌കാരികസായാഹ്നം ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി (സി.എ.എഫ്.ഐ.ടി) പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി ആനന്ദ് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കമ്പനിയുടെ സി.ഇ.ഒ പ്രജീഷ് കെ.കെ, സി.റ്റി.ഒ പ്രബീഷ് എ, എച്ച്.ആര്‍-സി.ഒ.ഒ ഉജ്വല്‍, പ്രോജക്ട് മാനേജര്‍ നിധീഷ് കോമത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേധാവി അനുരാഗ് രാജന്‍, ടീം ലീഡര്‍ യു.ഐ യു.എക്‌സ് ജയേഷ് പക്കത്ത്, ഫാത്തിമത്ത് അക്സ, സീത മദനന്‍, സുഗേഷ് കൃഷ്ണന്‍, സസ്‌ന സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.