കോഴിക്കോട്: ശ്രീമൃദംഗ ശൈലേശ്വരി കഥകളി മഹോത്സവം(യാനം 2022) ആഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 16 വരെ കണ്ണൂര്‍ മുഴകുന്നിലെ ശ്രീമൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ നടക്കും. 14ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന 101 പേരുടെ മേളം അരങ്ങേറും. മഹോത്സവം 34 ദിവസം നീണ്ടുനില്‍ക്കും. ആയിരത്തോളം കലാകാരന്മാര്‍ വേദിയിലെത്തും. കഥകളിക്ക് പുറമേ ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, നങ്ങ്യാര്‍കൂത്ത് എന്നിവയും അവതരിപ്പിക്കും. സെപ്റ്റംബര്‍ 16ന് സാംസ്‌കാരിക സമ്മേളനത്തോടെ മഹോത്സവം സമാപിക്കും. പത്മശ്രീ കലാമണ്ഡലം ഗോപിക്ക് യാനം 2022 ശ്രീപോര്‍ക്കലി പുരസ്‌കാരവും പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കോട്ടയത്തുതമ്പുരാന്‍ സ്മൃതി ശ്രീമൃദംഗ ശൈലേശ്വര പുരസ്‌കാരവും സമ്മാനിക്കും. വാര്‍ത്തസമ്മേളനത്തില്‍ യാനം പ്രോഗ്രാം കണ്‍വീനറും യാനം കള്‍ച്ചറല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണുമായ രേണുക രവിവര്‍മ, ഫെസ്റ്റിവല്‍ ഡയരക്ടര്‍ കലാമണ്ഡലം മനോജ്, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം. മനോഹരന്‍, യാനം ചെയര്‍പേഴ്‌സണ്‍ എ.കെ മനോഹരന്‍, പ്രോഗ്രാം എക്‌സിക്യൂട്ടീവ് അംഗം എം.പങ്കജാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.