പീഡനക്കേസില്‍ വെള്ളിയാഴ്ച വരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

പീഡനക്കേസില്‍ വെള്ളിയാഴ്ച വരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

  • നിര്‍ദേശം രണ്ടാമത്തെ പീഡനക്കേസില്‍
  • കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പീഡനക്കേസിലാണ് കോടതി നിര്‍ദേശം. കോഴിക്കോട് ജില്ലാ കോടതി കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കേസില്‍ പോലിസ് റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയില്ല.

ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സിവിക് ചന്ദ്രന് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും പട്ടിക ജാതി പീഡന നിരോധന നിയമം അടക്കം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. അധ്യാപികയായ ദലിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ദലിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവിക്കിന് ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ലൈംഗിക വൈകൃത സ്വഭാവമുള്ള വ്യക്തിയാണ് സിവിക്കെന്ന്, അദ്ദേഹമയച്ച അശ്ലീല വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ നിരത്തിയാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചത്. പ്രതിക്കെതിരേ സമാന സ്വാഭവമുള്ള കൂടുതല്‍ പരാതികള്‍ പോലിസിന് ലഭിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടി. എന്നാല്‍ പരാതി നല്‍കുന്നതിന് തൊട്ടു മുന്‍പ് വരെ യുവതിക്ക് പ്രതിയുമായി നല്ല സൗഹൃദമായിരുന്നുവെന്നും ആരോപണം സാഹിത്യ സംഘടനയുടെ ആഭ്യന്തര പരാതി സെല്‍ ഒത്തുതീര്‍പ്പാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Share

Leave a Reply

Your email address will not be published. Required fields are marked *