തലശ്ശേരി: തലശ്ശേരി ജഗന്നാഥ ടെംപിള്‍ ഗേയ്റ്റിന് സമീപം തീവണ്ടി പാളത്തില്‍ നേരിയ വിള്ളല്‍. ഇത് ജനങ്ങളില്‍ ആശങ്ക പരത്തി. ഇരട്ടപ്പാളത്തില്‍ ഷൊര്‍ണൂര്‍ ഭാഗത്തേക്ക് നീളുന്ന അപ് ലൈനിലാണ് പൊട്ടല്‍ കാണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെ പാളത്തിനടുത്തു കൂടി സ്റ്റേഷനിലേക്ക് നടന്നു പോവുകയായിരുന്ന യാത്രക്കാരനാണ് പാളം പൊട്ടിയത് ആദ്യം കണ്ടത്. ഇദ്ദേഹം ഉടനെ വിവരം നല്‍കിയതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നും റെയില്‍വേ പോലിസും കണ്ണൂരില്‍ നിന്ന് സാങ്കേതിക വിദഗ്ധരും തൊഴിലാളികളും എത്തി പരിശോധിച്ചു. തത്സമയം കടന്നു പോവേണ്ടിയിരുന്ന കോയമ്പത്തൂര്‍ പാസഞ്ചര്‍ ഏഴ് മിനിട്ടോളം തലശ്ശേരി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. വിള്ളലിന് താല്‍ക്കാലികമായി പരിഹരിച്ച ശേഷമാണ് പാസഞ്ചറിനെ കടത്തിവിട്ടത്. ഫിഷ് പ്ലെയിറ്റ് മുറിച്ചുമാറ്റി പൊട്ടല്‍ കാണപ്പെട്ട സ്ഥലം വെല്‍ഡിംഗ് ചെയ്ത് കൂട്ടിയോജിപ്പിച്ചാണ് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയത്.
കഴിഞ്ഞ ദിവസം കണ്ണൂരിനടുത്തും കാസര്‍കോഡ് ജില്ലയിലെ ചെറുവത്തൂരിനടുത്തും പാളത്തില്‍ കരിങ്കല്ലുകള്‍ കാണപ്പെട്ട സാഹചര്യത്തില്‍ തലശ്ശേരിയിലെ വിള്ളലിനെ പറ്റി ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ടെംപിള്‍ ഗേററിനടുത്ത് പാളത്തില്‍ പൊട്ടലുണ്ടായത് അട്ടിമറിയല്ലെന്നും കാലപ്പഴക്കത്തില്‍ സംഭവിച്ചതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സ്ഥലത്തെ പാളം ഉടന്‍ മുറിച്ചുമാറ്റി പുതിയത് ഘടിപ്പിക്കും. വിള്ളല്‍ യോജിപ്പിച്ച പാളത്തിലൂടെ വേഗത കുറച്ചാണ് യാത്രാ – ചരക്ക് ട്രെയിനുകള്‍ കടത്തിവിടുന്നത്. ഇരട്ടപ്പാളത്തിലെ പഴകിയ റെയിലുകള്‍ ഉടന്‍ മാറ്റണമെന്ന് പരിശോധന നടത്തുന്ന മെയിന്റനന്‍സ് വിഭാഗം നേരത്തെ തന്നെ ഉന്നതരെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.