ന്യൂഡല്‍ഹി: ഓള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവര്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പി.എസ്.ഗോയലുമായി ചര്‍ച്ച നടത്തി. ഡീന്‍ ക്യൂര്യാക്കോസ് എം.പി.യുടെ സാനിദ്ധ്യത്തിലായിരുന്നു ചര്‍ച്ച.
ഭക്ഷ്യ ഭദ്രത നിയമത്തില്‍ നിലവിലെ സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന ശതമാനതോത് ഉപേക്ഷിച്ചുകൊണ്ട് അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളേയും ഉള്‍പ്പെടുത്തുക, പശ്ചിമ ബംഗാള്‍ മോഡലില്‍ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും സബ്‌സിഡി നിരക്കില്‍ റേഷന്‍ നല്‍കുക, കേരളത്തിലെ വെട്ടി കുറച്ച ഗോതമ്പ്, മണ്ണെണ്ണ, എന്നിവയുടെ ക്വാട്ട പുനഃസ്ഥാപിക്കുക, സംസ്ഥാനത്തെ പേമാരിയും, വെള്ളപൊക്കവും, പ്രകൃതിദുരന്തവും നേരിടുന്ന സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ത്യോദയ പദ്ധതിയുടെ കാലാവധി നീട്ടി നല്‍കുക, റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ കാലോചിതമായി പരിഷ്‌ക്കരിക്കുക, കൊവിഡ് മൂലം മരണപെട്ട റേഷന്‍ വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായവും റേഷന്‍ വ്യാപാരികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സും ഏര്‍പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഭാരവാഹികള്‍ മന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചു. അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.