ആലപ്പുഴ: വി.ആര്‍ കൃഷ്ണതേജ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതല ഏറ്റെടുത്തു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷമാണ് കൃഷ്ണതേജയെ നിയമിച്ചത്. പ്രളയകാലത്ത് ആലപ്പുഴ സബ് കലക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ ഐ.എ.എസ്. എന്നാല്‍, ചുമതല കൈമാറാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയില്ല. സപ്ലൈകോ ജനറല്‍ മാനേജറായി നിയമനം നല്‍കിയാണ് കലക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫിസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ആഴ്ചയാണ് എറണാകുളം ജില്ലാ കലക്ടറായി ചുമതലയേറ്റത്.
ശ്രീറാമിന്റെ കലക്ടര്‍ നിയമനത്തിനെതിരേ കേരള മുസ്‌ലിം ജമാഅത്ത് ശക്തമായി പ്രതിഷേധിച്ചിരുന്നു. സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള എ.പി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കലക്ടര്‍ പദവിയില്‍ നിന്നും മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്. വിവിധ മുസ്‌ലിം സംഘടനകള്‍ ചേര്‍ന്ന് ശ്രീറാമിന്റെ നിയമനത്തിനെതിരേ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. പി.വി അന്‍വറിനെ കൂടാതെ കാരാട്ട് റസാഖ് അടക്കം മലബാറിലെ ഇടതുനേതാക്കളും ശ്രീറാമിന്റെ നിയമനത്തിനെതിരേ പരസ്യമായി നിലപാട് എടുക്കുകയും ചെയ്തിരുന്നു.