അതിതീവ്രമഴ; പ്രളയഭീതി, 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അതിതീവ്രമഴ; പ്രളയഭീതി, 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • ഇടുക്കി മുതല്‍ കാസര്‍കോട് വരെ ഒന്‍പത് ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട്
  • സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയഭീതി വിതച്ച് അതിതീവ്രമഴ തുടരുകയാണ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. മഴയെ തുടര്‍ന്ന് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടങ്ങള്‍. മഴയെ തുടര്‍ന്ന് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.

കടലില്‍ പോകരുത്: മത്സ്യബന്ധനത്തിന് ആഗസ്റ്റ് നാല് വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വിദഗ്ധര്‍. അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നല്‍കി. കേരളതീരത്ത് 3.0 3.3 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലക്ക് സാധ്യത ഉള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

മരിച്ചവര്‍: വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും കടല്‍ക്ഷോഭത്തിലുമടക്കം സംസ്ഥാനത്ത് ഇതുവരെ 13 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം ആറു പേര്‍ മരിച്ചിരുന്നു. തിങ്കളാഴ്ച കണ്ണൂര്‍ പേരാവൂരില്‍ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ നെടുംപുറംചാല്‍ നദീറയുടെ മകള്‍ നൂമ തസ്മീന്‍ (രണ്ടര), വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രന്‍ (55), അരുവിക്കല്‍ രാജേഷ് (45) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം മുണ്ടക്കയം കൂട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ റിയാസിന്റെയും (45), കോതമംഗലം ഉരുളന്‍തണ്ണിയില്‍ വനത്തില്‍ കാണാതായ പൊലോസിന്റെയും (65), മുളന്തുരുത്തിയില്‍ കാണാതായ ടി.ആര്‍ അനീഷിന്റെയും (36) മൃതദേഹം കണ്ടെത്തി.
അതേസമയം ചാവക്കാട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. തിരുവനന്തപുരം പുല്ലൂവിള സ്വദേശികളായ മണിയന്‍, ഗില്‍ബര്‍ എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്. പത്തനംതിട്ട പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട കാണാതായ റെജി(54), കൊല്ലത്ത് ഇത്തികരയാറില്‍ കുണ്ടുമണ്‍ഭാഗത്ത് കുളിക്കാനിറങ്ങിയ കിളികൊല്ലൂര്‍ അനുഗ്രഹ നഗര്‍ സജീന മന്‍സിലില്‍ നൗഫല്‍(21) എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ദുരിതാശ്വാസ ക്യാംപുകള്‍: മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് 95 ദുരിതാശ്വാസ ക്യാംപുകകളാണ് തുറന്നത്. ആകെ 2,291 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തൃശൂര്‍- 657, കോട്ടയം- 447 , തിരുവനന്തപുരം- 30, പത്തനംതിട്ട- 391, ആലപ്പുഴ- 58, ഇടുക്കി- 118, എറണാകുളം- 467, പാലക്കാട് 25, മലപ്പുറം- 8, വയനാട് -38 പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.

റെഡ് അലര്‍ട്ട്: ഇടുക്കി മുതല്‍ കാസര്‍കോട് വരെ ഒന്‍പത് ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പരീക്ഷകള്‍ മാറ്റി: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എം.ജി, കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ എല്ലാ പരീക്ഷകളും മാറ്റി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ആഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *