കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം.
കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അത് കൂടാതെയാണ് ബാക്കി ജില്ലകളിലും അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളജുകളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
മലപ്പുറത്ത് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ജില്ലാകലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ പറഞ്ഞു. തൃശൂരിലും പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
കനത്ത മഴ മൂലം ഏഴ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ അഞ്ച് ഡാമുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊന്മുടി, കല്ലാര്‍ക്കുട്ടി, ഇരട്ടയാര്‍, പാംബ്ല, കണ്ടള, മൂഴിയാര്‍, പെരിങ്ങള്‍ക്കുത്ത് ഡാമുകളിലാണ് റെഡ് അലേര്‍ട്ടുള്ളത്.
അതേ സമയം, സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.