മേപ്പയ്യൂര്‍: അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പോഷകബാല്യം പദ്ധതി മേപ്പയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മേപ്പയൂര്‍ ഇ.ആര്‍ സ്മാരക അങ്കണവാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് മുട്ടയും പാലും നല്‍കുന്നത്.
മേപ്പയ്യൂര്‍ പഞ്ചായത്തിലെ 29 അങ്കണവാടികളിലെ മൂന്ന് വയസ് മുതല്‍ ആറ് വയസ് വരെയുളള 375 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി രമ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.റീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍, വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ പി.കെ ഹരിദാസന്‍, ആര്‍.വി അബ്ദുറഹ്മാന്‍, കെ.കെ രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം ദീപ കേളോത്ത് സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ സി.പി സന്ധ്യ നന്ദിയും പറഞ്ഞു.