മണിയൂരില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു

മണിയൂരില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു

മണിയൂര്‍: ഗ്രാമപഞ്ചായത്തിലെ പൂവാംപുഴ നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിക്ക് തുടക്കം കുറിച്ച് നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. എലിപ്പറമ്പത്ത് മുക്ക് മുതല്‍ കുറുന്തോടി വരെ നടന്ന പരിപാടി പൊതുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടേയും അകമ്പടിയോടെ നടന്ന നടത്തം മണിയൂരിനെ ഉത്സവലഹരിയിലാക്കി. വാര്‍ഡുകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ജനപ്രതിനിധികള്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ക്ലബ്ബുകളുടേയും സംഘടനകളുടേയും പ്രതിനിധികള്‍, ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് വിഭാഗം ജീവനക്കാര്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

നീര്‍ത്തട സര്‍വ്വേകള്‍, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയ്ക്ക് ശേഷമാണ് നീര്‍ത്തട നടത്തം സംഘടിപ്പിച്ചത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ പൂവാമ്പുഴ നീര്‍ത്തടത്തിന്റെ സമഗ്ര വികസനവും ജീവനോപാധികളും സര്‍ഗാത്മകമായും പാരിസ്ഥിതിക പ്രാധാന്യത്തോടെയും ഉറപ്പാക്കുന്ന വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ മുന്നോടിയായാണ് നടത്തം സംഘടിപ്പിച്ചത്. സമാപന ചടങ്ങില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത ഉദ്ഘാടനം നിര്‍വഹിച്ചു. മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ.അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശശിധരന്‍ സ്വാഗതം പറഞ്ഞു. മെമ്പര്‍ പി.കെ ബിന്ദു, എം.സി നാരായണന്‍, കെ.പി കുഞ്ഞിരാമന്‍, സെക്രട്ടറി സജിത് കുമാര്‍, അസി. സെക്രട്ടറി ഗംഗാധരന്‍, വിജയന്‍ മാസ്റ്റര്‍, ബ്ലോക്ക് എന്‍ജിനീയര്‍ സംഗീത് എന്നിവര്‍ ആശംസ അറിയിച്ചു. അക്രഡിറ്റഡ് എന്‍ജിനീയര്‍ അനശ്വര നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *