- പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്
കൊച്ചി: കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. ചാവക്കാട് കുരഞ്ഞിയൂര്‍ സ്വദേശിയായ ഹാഫിസാണ് മരിച്ചത്. മരിച്ച യുവാവുമായുള്ള സമ്പര്‍ക്കത്തിലുണ്ടായിരുന്ന 20 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കാന്‍ ആശാ വര്‍ക്കര്‍മാരുടെയും തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെയും പ്രത്യേക ടീം തയാറാക്കിയിട്ടുണ്ട്.
അതേസമയം മങ്കിപോക്സ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം മറച്ചുവച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ 22 ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് വീട്ടിലെത്തിയെങ്കിലും 27നാണ് ചികിത്സ തേടിയത്. മുപ്പതിന് പുലര്‍ച്ചെ യുവാവ് മരിച്ചു. തുടര്‍ന്ന് ഇയാളുടെ സാംപിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴയിലേക്കും പിന്നീട് പൂനെയിലെ വൈറോളജി ലാബിലേക്കും അയക്കുകയായിരുന്നു.