നാദാപുരം: ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഫ്രഷ് കട്ട് ഓര്‍ഗാനിക്ക് പ്രോഡക്റ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ കോഴിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്ന പദ്ധതിക്ക് നാദാപുരത്ത് തുടക്കമായി. നാദാപുരത്തെ 12 കോഴി കടകളില്‍നിന്നുള്ള മാലിന്യം ബോക്സില്‍ ശേഖരിച്ച് , ഫ്രീസിങ് സംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ താമരശ്ശേരിയിലേ പ്ലാന്റിലേക്ക് കൊണ്ടുപോകും. അവിടെ വെച്ച് മൃഗങ്ങള്‍ക്കുള്ള തീറ്റ ഉല്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു കിലോ മാലിന്യത്തിന് അഞ്ച് രൂപ കച്ചവടക്കാരില്‍ നിന്ന് കമ്പനി ഈടാക്കുകയും പ്രസ്തുത തുകയില്‍ നിന്ന് 30 പൈസ പഞ്ചായത്തിന് നല്‍കുകയും ചെയ്യും.
പ്രതിദിനം 250 മുതല്‍ 300 കിലോ കോഴി മാലിന്യമാണ് നാദാപുരത്ത് നിന്ന് ശാസ്ത്രീയമായി സംസ്കരിക്കാന്‍ പോകുന്നത്. മാലിന്യം ശേഖരിക്കുന്നതിനുള്ള പ്രത്യേക ബോക്സ് കോഴി കടക്കാര്‍ക്ക് നല്കി പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.സി സുബൈര്‍ , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന് , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ്ബാബു , ഫ്രഷ് കട്ട് ജനറല്‍ മാനേജര്‍ യൂജിന്‍ ജോണ്സണ് , കമ്പനി പ്രതിനിധി കെ. റിജേഷ് , കോഴി കച്ചവടക്കരായ അസീസ് മനോളി ,റാഹിദ് കല്ലാച്ചി ,ഹാരിസ് പുത്തന്‍പുരയില്‍ എന്നിവര്‍ സംസാരിച്ചു. പരിപാടി ആരംഭിക്കുന്നതിനു മുമ്പായി കോഴി കച്ചവടക്കാരുടെ യോഗം പഞ്ചായത്തില്‍ വിളിച്ച് ചേര്‍ത്തിരുന്നു.