കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ അമ്മമാര്‍ക്കിനി ആശങ്കകളില്ലാതെ ജോലി ചെയ്യാം. പിഞ്ചോമനകളുടെ പരിപാലനത്തിനായി ക്രഷ് ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘തൊഴിലിടങ്ങളില്‍ ശിശുപരിപാലന കേന്ദ്രം’ പദ്ധതിയുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷനില്‍ ക്രഷ് പ്രവര്‍ത്തനമാരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും അന്‍പതിലധികം ജീവനക്കാര്‍ ഉള്ളതുമായ ഓഫിസ് സമുച്ചയങ്ങളില്‍ ക്രഷുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളിലായി എട്ട് ക്രഷുകളാണ് ആരംഭിക്കുക. എല്ലാ ജില്ലകളിലും ഈ പദ്ധതി വ്യാപിപ്പിക്കും. ആറ് മാസം മുതല്‍ ആറ് വയസുവരെ പ്രായമുള്ള കുട്ടികളുള്ള ഗവ. ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് ക്രഷുകളുടെ സേവനം പ്രയോജനപ്പെടുത്താം. പകല്‍ സമയങ്ങളില്‍ സുരക്ഷിതമായ പരിചരണം സാധ്യമാകും.
ജില്ലയില്‍ സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്കില്‍ ഒന്നാം നിലയിലാണ് ക്രഷ് പ്രവര്‍ത്തിക്കുക. വിവിധ വകുപ്പുകളില്‍ നിന്നായി 24 പേരാണ് കുട്ടികളെ ക്രഷുകളിലാക്കുന്നതിന് സന്നദ്ധത അറിയിച്ചത്. രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് നാലര വരെയാണ് പ്രവര്‍ത്തനം. കുട്ടികളെ പരിപാലിക്കാനായി ഒരു വര്‍ക്കറിന്റെയും ഒരു ഹെല്‍പ്പറിന്റെയും സേവനം ഇവിടെ ലഭ്യമാകും. ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലും ക്രഷ് പ്രവര്‍ത്തിക്കില്ല. ജില്ലാ വനിതാ ശിശു വികസന വകുപ്പിനാണ് നടത്തിപ്പ് ചുമതല.
ക്രഷില്‍ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷന്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, പാചകത്തിനുള്ള പാത്രങ്ങള്‍, ബ്രെസ്റ്റ് ഫീഡിങ് സ്‌പേസ്, തൊട്ടിലുകള്‍, ബേബി മോണിറ്ററിങ് ഉപകരണങ്ങള്‍, മെത്ത, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഇതിനായി ക്രഷ് ഒന്നിന് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.