കൊച്ചി: കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. ചില സര്‍വീസുകള്‍ റദ്ദാക്കിയതായും വെട്ടിച്ചുരുക്കിയതായും കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. അഞ്ചു മണിക്കൂറിനിടെ 403 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് പെയ്തത്.
പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മഡ്ഗാവ് ജങ്ഷന്‍ മംഗളൂരു സെന്‍ട്രല്‍ സ്‌പെഷല്‍ ട്രെയിനാണ് റദ്ദാക്കിയത്. മംഗളൂരു സെന്‍ട്രല്‍ മഡ്ഗാവ് ജങ്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ ഉഡുപ്പിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
എറണാകുളം-പൂനെ എക്‌സപ്രസ്, കെ.എസ്.ആര്‍ ബംഗളൂരു കാര്‍വാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ്, ലോകമാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ്, കാര്‍വാര്‍, യശ്വന്ത്പുര്‍ എക്‌സ്പ്രസ്, ഗാന്ധിധാം -തിരുനെല്‍വേലി എക്‌സപ്രസ് എന്നിവ വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.