- എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ അവധി
കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. നിരവധി ജില്ലകളില്‍ ഉരുള്‍പൊട്ടി. നാലിടത്താണ് കണ്ണൂരില്‍ ഉരുള്‍പൊട്ടിയത്. കണ്ണൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു പേരെ കണാതായി. കാണാതായവരില്‍ രണ്ടര വയസുള്ള കുഞ്ഞിനെയടക്കമാണ് കാണാതായത്. കൊളക്കാട് പി.എച്ച്.സിയിലെ നഴ്‌സ് നദീറയുടെ രണ്ടര വയസുകാരി മകള്‍ നുമ തുസ്‌ലീനയാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്നലെ രാത്രിയുണ്ടായ മലവെള്ള പാച്ചിലുണ്ടായപ്പോള്‍ മാതാവിന്റെ കൈയില്‍ പിടിച്ചിരുന്ന കുട്ടി വെള്ളത്തില്‍ തെന്നിവീഴുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളാണ് മാതാപിതാക്കള്‍. വെള്ളറയിലെ മണാലി ചന്ദ്രന്‍, താഴെ വെള്ളറയിലെ രാജേഷ് എന്നിവരും രാത്രി ഒഴുക്കില്‍പ്പെട്ടിരുന്നു. ഇവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. തിരച്ചില്‍ തുടരുകയാണ്. കാണാതായ ഒരാളുടെ വീട് പൂര്‍ണമായും ഒഴുകി പോയി. കണിച്ചാര്‍ പഞ്ചായത്തില്‍ ഏലപ്പീടികയില്‍ ഉരുള്‍പൊട്ടിയ മേഖലയില്‍ നിന്ന് നാല് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണവം വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. കേളകം പഞ്ചായത്തിലെ കണ്ടന്തോട് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
കാഞ്ഞിരപ്പുഴ കരകവിഞ്ഞ് പേരാവൂര്‍ തുണ്ടിയില്‍ ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മലവെള്ളമിറങ്ങിയതിനാല്‍ നെടുമ്പോയില്‍ ചുരം വഴി മാനന്തവാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
മധ്യ, തെക്കന്‍ കേരളത്തിനൊപ്പം വടക്കന്‍ കേരളത്തിലും മഴ കനക്കും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് ആണ്. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.
തൃശ്ശൂരില്‍ കനത്ത മഴ തുടരുന്നു. രാത്രിയോടെ മഴയുടെ തീവ്രത കൂടി. പറമ്പിക്കുളത്ത് നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ചാലക്കുടി മേലൂരിലെ എരുമപ്പാടം കോളനിയിലെ 50ലേറെ വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് നടപടി
ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കോസ്റ്റ്ഗാര്‍ഡും, കോസ്റ്റല്‍ പോലിസും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് വള്ളം മറിഞ്ഞത്. നാല് പേര്‍ നീന്തിക്കയറിയിരുന്നു. ജില്ലയിലെ തീരദേശ മേഖലയിലെ നിരവധി വീടുകളും റോഡുകളും വെള്ളം കയറി. ഏറാക്കല്‍, അയ്യംപടി, പൈനൂര്‍, കോഴിത്തുമ്പ്, കായ്പമംഗലം ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. എടത്തുരുതി, പെരിഞ്ഞനം , ചാവക്കാട് മേഖലകളില്‍ ക്യാമ്പ് തുറന്നിട്ടുണ്ട്. 54 പേരാണ് ക്യാംപുകളില്‍ ഉള്ളത്.
അതേസമയം പത്തനംതിട്ടയില്‍ മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. അര്‍ധരാത്രി മുതല്‍ എവിടെയും കാര്യമായി മഴ പെയ്യുന്നില്ല. ഇന്നലെ വെള്ളം കയറിയ സീതത്തോട് മേഖലയില്‍ വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങി. റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട് . നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. ഇടുക്കി ലോ റേഞ്ചിലും മഴ കുറഞ്ഞു. മിക്കയിടത്തും അര്‍ധരാത്രി നിന്ന മഴ പിന്നെ തുടങ്ങിയിട്ടില്ല .ലോ റേഞ്ചില്‍ ദുരിതാശ്വാസക്യാംപുകള്‍ ഒന്നും ഇതുവരെ തുറന്നിട്ടില്ല. 10 മണിക്ക് കുണ്ടള ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. മലങ്കര ഡാമിന്റെ ഷട്ടര്‍ ഇന്നലെ തുറന്നിരുന്നു
മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 8 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ,പത്തനംതിട്ട , കോട്ടയം, എറണാകുളം,ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍െപ്പടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. എം.ജി, കാലടി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.