ശക്തമായ മഴ; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌, അണക്കെട്ടുകള്‍ തുറക്കുന്നു

ശക്തമായ മഴ; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌, അണക്കെട്ടുകള്‍ തുറക്കുന്നു

  • മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
  • ഗവി ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി
  • ഇടുക്കിയിലെ മലയോരമേഖലകളിലേക്ക് രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച വരെ തീവ്രമഴ തുടരുമെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വയനാടും കാസര്‍ക്കോടും അലര്‍ട്ടുകളൊന്നുമില്ല. ഇടിമിന്നലോടുകൂടിയ തുടര്‍ച്ചയായി മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ചെറുമിന്നല്‍ പ്രളയമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മീനച്ചില്‍, കാഞ്ഞിരപ്പള്ളി, നെടുമങ്ങാട് താലൂക്ക് പരിധികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറയുകയാണ്. തിരുവനന്തപുരം പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും നെയ്യാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. അരുവിക്കരയില്‍ രണ്ടാമത്തെ ഷട്ടര്‍ 20 സെ.മീ ഉയര്‍ത്തി. മൂന്നാം ഷട്ടര്‍ 30 സെ.മീ, നാലാം ഷട്ടര്‍ 20 സെ.മീ. എന്നിങ്ങനെയാണ് ഉയര്‍ത്തിയിരിക്കുന്നത്.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 11 മണിയ്ക്ക് തുറക്കുമെന്നാണ് അറിയിപ്പ്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടും, മുല്ലപ്പെരിയാര്‍ അണക്കെട്ടും നിലവില്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ പൊന്മുടി, കല്ലാര്‍, മങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോട്ടയത്തെ മലയോരമേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. ഗവി ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഇടുക്കിയിലെ മലയോരമേഖലകളിലേക്ക് രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രയും നിരോധിച്ചിരിക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *