രാജ്യത്ത് കൊവിഡ് വ്യാപന വേളയില്‍ നിര്‍ഭയരായി ഒരു പരിരക്ഷയോ പരിഗണനയോ ലഭിക്കാതെ രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റാന്‍ റേഷന്‍ നല്‍കിയ കരങ്ങളാണ് റേഷന്‍ വ്യാപാരികളുടേത്. ആരോഗ്യ പ്രവര്‍ത്തകരേയും ക്രമസമാധാന പാലകരെപ്പോലെയും പ്രവര്‍ത്തിച്ചവരാണെങ്കിലും റേഷന്‍ വ്യാപാരികളെ സംരംക്ഷിക്കുന്നതിലും അര്‍ഹമായ അംഗീകാരവും ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായി ഒന്നും ചെയ്തിട്ടില്ല. കേരളത്തില്‍ അറുപത്തിയഞ്ചോളം റേഷന്‍ കട ജീവനക്കാരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. അവരുടെ ആശ്രിതര്‍ക്ക് പോലും മതിയായ നഷ്ട പരിഹാരമോ പരിഗണനയോ ലഭിച്ചില്ല.
സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിയാഘോഷിച്ചുകൊണ്ട് റേഷന്‍ വ്യാപാരികള്‍ക്ക് ഏര്‍പെടുത്തിയ സൗജന്യ കൊവിഡ് ഇന്‍ഷൂറന്‍സ് പദ്ധതി ഭൂരിഭാഗം ജീവനക്കാരും മരണപ്പെട്ടു കഴിഞ്ഞശേഷം ഏറെ വൈകിയാണ് നടപ്പിലാക്കിയത്. ഇതില്‍ വ്യാപാരികളേക്കാള്‍ ഗുണം ലഭിച്ചത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കാണ്. കോടികള്‍ സര്‍ക്കാര്‍ നല്‍കിയ പ്രീമിയത്തിന്റെ പ്രയോജനവും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ലഭിച്ചു. മറ്റു സംസ്ഥാനങ്ങളിലെ റേഷന്‍ വ്യാപാരികളുടെ അവസ്ഥ ഏറെ ദയനീയമാണ്. അതുകൊണ്ടാണ് കൊവിഡ് ബാധിച്ചു മരണപ്പെട്ട വ്യാപാരികളുടെ അവകാശികള്‍ക്ക് അര്‍ഹമായ പരിഗണനയും നഷ്ടപരിഹാരവും നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപെടുന്നത്.
2013 ലെ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി ബയോമെട്രിക് സംവിധാനം നടപ്പിലാക്കിയത്‌കൊണ്ട് ഉപഭോക്താക്കളുടെ കൈകളില്‍ പൂര്‍ണമായും ഭക്ഷ്യധാന്യങ്ങള്‍ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഗുണമേന്മയുള്ളതും ഓരോ സംസ്ഥാനങ്ങളുടേയും അഭിരുചിക്കനുസരിച്ചുള്ള ഭക്ഷ്യധാന്യങ്ങള്‍ സമയബന്ധിതമായും കൃത്യതയോടേയും റേഷന്‍ കടകളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടതും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുകയും ചെയ്യുന്നതോടെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മാറുന്നതാണ്. നിലവില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കു പുറമേ ഉല്‍ത്സവകാല ആഘോഷ വേളയില്‍ സാധാരണ റേഷനു പുറമേ സ്‌പെഷല്‍ റേഷന്‍ കൂടി അലോട്ട് ചെയ്യണം. ഇത്തരം ആഘോഷവേളയിലാണ് ഓപ്പണ്‍ മാര്‍ക്കറ്റുകളില്‍ വിലകയറ്റം ഉണ്ടാവുന്നത്. ഇത് നിയന്ത്രിക്കുവാന്‍ ഇത്തരം പദ്ധതികള്‍ കൊണ്ടാവുന്നതാണ്.
ഭക്ഷ്യ ഭദ്രതാ നിയമം നിലനില്‍ക്കേ തന്നെ ചില സംസ്ഥാനങ്ങള്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ടു വീടുകളില്‍ എത്തിക്കുന്ന രീതിയിലുള്ള പദ്ധതി നടപ്പില്‍ വരുത്തുന്നുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ തൊഴിലും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടി പോകുന്നവര്‍ക്ക് ഇത് പ്രയോജനം ചെയ്യില്ല. വനമേഖലയിലും/ ഗ്രാമങ്ങളിലും ബയോമെട്രിക് സംവിധാനങ്ങളിലൂടെ വിതരണം നടത്തുന്നതിന് ആവശ്യമായ നെറ്റ് സിഗ്‌നല്‍, തുടങ്ങിയവ പ്രവത്തന രഹിതമാണ്. അതുകൊണ്ട് യഥാര്‍ഥ ഉപഭോക്താക്കള്‍ക്ക് തന്നെയാണ് റേഷന്‍ ലഭിച്ചത് എന്ന് ഉറപ്പു വരുത്താനും കഴിയില്ല. ഈരീതിയിലുള്ള വിതരണം ഭക്ഷ്യധാന്യങ്ങള്‍ ദുരുപയോഗപെടുത്താനുള്ള സാഹചര്യവും നിലനില്‍ക്കുന്നത്‌കൊണ്ട് ഇത്തരം പദ്ധതികള്‍ക്ക് വിരാമം കുറിക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിഗമനം സ്വാഗതാര്‍ഹമാണ്.
റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഗുണമേന്മയോടെ സൂക്ഷിക്കുക എന്നതും പ്രധാന ഘടകമാണ്. ഇപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ പാക്ക് ചെയ്യുന്നതിനു വേണ്ടി പ്ലാസ്റ്റിക്ക് ചാക്കുകളാണ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) ഗോഡൗണുകള്‍ പോലും ആശ്രയിക്കുന്നത്. നിലവിലെ കാലാവസ്ഥയില്‍ വര്‍ഷകാലങ്ങളില്‍ മഴയും തണുപ്പും തട്ടി ഈര്‍പ്പം ഉണ്ടാവുന്നു. പ്ലാസ്റ്റിക് ചാക്കിലെ ധാന്യങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടായി ലീക്കേജായി മാറാനുള്ള സാഹചര്യം അധികമാണ്. ഇത് പരിസ്ഥിതിയേയും ബാധിക്കുന്നതും മാണ്.ഇത്തരം ചാക്കുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് 5 ശതമാനംവരേ നാശനഷ്ടങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിന്ന് വേണ്ടി മുമ്പത്തേപോലെ ഗുണമേന്മയുള്ള ചണ ചാക്കുകള്‍ ഉപയോഗിച്ചാല്‍ ചണ കര്‍ഷകര്‍ക്കും ഗുണകരമായി മാറുന്നതാണ്. അതോടൊപ്പം പഞ്ചസാര മില്ലുകളില്‍ നിന്നും പഞ്ചസാര സ്റ്റാന്റഡൈസ് ചെയ്തു നല്‍കുന്ന മാതൃകയില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങളും സ്റ്റാന്റഡൈസ് ചെയ്തു നല്‍കുവാന്‍ എഫ്.സി.ഐ ഗോഡൗണുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുക. ഇത്തരത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ തൂക്കവും തിയ്യതിയും അടങ്ങുന്ന സ്റ്റിക്കര്‍ പ്രിന്റ് ചെയ്തു വേണം റേഷന്‍ കടകളില്‍ സ്റ്റോക്ക് എത്തിക്കേണ്ടത്. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് കൊണ്ട് ഒരു ലോഡില്‍ തന്നെ പരമാവധി പത്ത് ചാക്കെങ്കിലും അധികമായി ഉപയോഗിക്കുന്നത് തടയാനും കഴിയുന്നതാണ്.
ഭക്ഷ്യധാന്യങ്ങളും പഞ്ചസാരയും റീട്ടയില്‍ വിതരണം ചെയ്യുമ്പോഴും തൊഴിലാളികള്‍ ഉക്ക് ഇട്ടു പിടിക്കുന്നത് കൊണ്ട് ധാന്യങ്ങള്‍ ചോര്‍ന്ന് നഷ്ടപെടുന്നു. പഞ്ചസാര പോലുള്ള സാധനങ്ങള്‍ ഉരുകിയൊലിച്ചുകൊണ്ട് ഷോര്‍ട്ടേജായി മാറുന്നു. വര്‍ഷക്കാലത്ത് അരിയും ഗോതമ്പും ഈര്‍പ്പം കയറുന്നത് കൊണ്ടും ട്രാന്‍സ്‌പോര്‍ട്ടിങ്ങിനിടയില്‍ മഴവെള്ളം തട്ടിയും കട്ടപിടിച്ചു ഉപയോഗ്യമല്ലാതെ രണ്ട് ശതമാനം വരേ ധാന്യങ്ങള്‍ നഷ്ടപ്പെട്ടു പോകുന്നത് കൊണ്ട് മിനിമം ഒരു ബാഗിന് (ചാക്ക്) ഒരു കിലോഗ്രാം ധാന്യങ്ങള്‍ വീതം കൈകാര്യ ചിലവായി അധികം അനുവദിക്കണം.
സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിയാഘോഷിച്ചുകൊണ്ട് റേഷന്‍ വ്യാപാരികള്‍ക്ക് ഏര്‍പെടുത്തിയ സൗജന്യ കൊവിഡ് ഇന്‍ഷുറന്‍സ് പദ്ധതി ഭൂരിഭാഗം ജീവനക്കാരും മരണപ്പെട്ടു കഴിഞ്ഞശേഷം ഏറെ വൈകിയാണ് നടപ്പിലാക്കിയത്. ഇതില്‍ വ്യാപാരികളേക്കാള്‍ ഗുണം ലഭിച്ചത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കാണ്. കോടികള്‍ സര്‍ക്കാര്‍ നല്‍കിയ പ്രീമിയത്തിന്റെ പ്രയോജനവും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭിച്ചു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ പടി പടിയായുള്ള വില വര്‍ധനവ് വിലകയറ്റത്തിന് പ്രധാന കാരണമായി മാറി. 2013ലെ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പില്‍ വരുത്തിയ ശേഷം പല നിത്യോപയോഗ സാധനങ്ങള്‍ക്ക് പോലും പത്ത് ഇരട്ടിയോളം വില വര്‍ധനവ് ഉണ്ടായി. റേഷന്‍ വ്യാപാരം നടത്തുന്ന വാടക റൂമുകള്‍ക്കും റേഷന്‍ കടയിലെ സെയില്‍സ്മാന്‍മാര്‍, മറ്റു ഹെല്‍പ്പര്‍മാര്‍ക്കുമുള്ള കൂലി ചിലവുകളും ആനുപാതികമായി വര്‍ധിക്കുകയും വൈദ്യുതി ചാര്‍ജ് മറ്റു സ്റ്റേഷനറി, വിവിധ തരം ലൈസന്‍സ്, സ്റ്റാമ്പിങ്ങ് , തുടങ്ങി എല്ലാ മേഖലകളിലും വര്‍ഷാ വര്‍ഷവും വര്‍ധനവ് ഉണ്ടായെങ്കിലും ഈ കാലഘട്ടത്തില്‍ റേഷന്‍ വ്യാപാരികളുടെ കമ്മീഷനില്‍ മാത്രം ഒരു വര്‍ദ്ധധവും വരുത്തിയില്ല! കേരളത്തിലും ഇതിനു സമാനമായ അവസ്ഥ തന്നെ തുടരുന്നു. അത് കൊണ്ട് റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഇരട്ടിയാക്കി വര്‍ധനവ് വരുത്തണം എന്നത് അനിവാര്യമാണ്. നിലവിലെ കമ്മീഷന്‍ വര്‍ധനവ് കൊണ്ട് അധികമായി വരുന്ന സാമ്പത്തിക ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം.
ലോക രാജ്യങ്ങളിലെ പട്ടിണി മരണനിരക്കിലും ഏറെ ഭീതിപെടുത്തുന്ന രീതിയിലാണ് നമ്മുടെ രാജ്യത്തിന്റെ സ്ഥാനം. ഇത് ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുന്നതിന്നായ് ഭക്ഷ്യ ഭദ്രതാ നിയമം നിലനിര്‍ത്തി കൊണ്ട് തന്നെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും ന്യായമായ വിലയില്‍ ആളോഹരി റേഷന്‍ സബ്‌സിഡി നിരക്കില്‍ പുനഃസ്ഥാപിക്കുക. നിലവില്‍ 2013-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ പരിരക്ഷയില്‍ ഉള്‍പെടുന്ന മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രമാണ് റേഷന്‍ ലഭിക്കുവാനുള്ള അവകാശമുള്ളത്. കൊവിഡ് പശ്ചാത്തലത്തിലും 2013നു ശേഷം ജനസംഖ്യാ വര്‍ധനവും പരിഗണിച്ചുകൊണ്ട് കൂടുതല്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് മുഴുവനും ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പരിഗണന നല്‍കുക. ഭക്ഷ്യ കമ്മി സംസ്ഥാനമായ കേരളത്തില്‍ 35 % അംഗങ്ങളാണ് പ്രസ്തുത നിയമത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ പോലെയുള്ള ആനുപാതിക ശതമാനവര്‍ധനവ് കേരളത്തിലും പരിഗണിക്കുക.
പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പില്‍ വരുത്തിയ എല്ലാവര്‍ക്കും സൗജന്യ നിരക്കിലുള്ള റേഷന്‍ പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കുക. എല്ലാവര്‍ക്കും റേഷന്‍ എന്നത് ഭക്ഷ്യോല്‍പ്പാദനകമ്മി സംസ്ഥാനമായ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്. ഇതിന്റെ ഭാഗമായി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തുകയും ഭഷ്യധാന്യ സംഭരണത്തിന് കോര്‍പറേഷന്‍ താങ്ങുവില നിശ്ചയിച്ചുകൊണ്ട് നേരിട്ട് ഇടപെടുകയും ചെയ്യുക. ഇത് വഴി രാജ്യത്തെ കര്‍ഷകര്‍ക്കുണ്ടായ ഭീതിയും ആശങ്കകളും അകറ്റാന്‍ കാരണമായി തീരുന്നതാണ്.
പയര്‍, കടല, രാഗി, ചോളം, എന്നിവയും ഇവയില്‍ നിന്ന് ഉണ്ടാക്കുന്ന ഉല്‍പ്പെന്നങ്ങളും എഫ്.ഡി.എഫ് വഴി വിതരണം ചെയ്യുക. പാമോയില്‍, മറ്റു പാചക എണ്ണകളും ഉള്‍പെടുത്തുകയും പാചകവാതക ഗ്യാസ് സിലിണ്ടര്‍ റേഷന്‍ കടകള്‍ വഴി വിതരണം നടത്തുകയും ചെയ്യുക. ഇത്തരത്തിലുള്ള പദ്ധതികള്‍ കൂടി നടപ്പില്‍ വരുത്തുന്നതോടെ ഓപ്പണ്‍ മാര്‍ക്കറ്റിലെ വിലക്കയറ്റം നിയന്ത്രിക്കുവാനും സ്വകാര്യ കുത്തക കമ്പനികളെ നിയന്ത്രിക്കുവാനും അതോടൊപ്പം റേഷന്‍ കടകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മിനി മാര്‍ക്കറ്റുകളായി മാറുന്നതുമാണ്. ഉപഭോക്താക്കളുടെ സംതൃപ്തിയും പിന്തുണയും ഇതുവഴി സര്‍ക്കാരിനുണ്ടാവുന്നതാണ്.
കൊവിഡ് മഹാമാരി രൂക്ഷമായ വേളയില്‍ രാജ്യത്തെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ത്യോദയ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി. മുന്‍ഗണനാ വിഭാഗത്തിന് സാധാരണ റേഷനു പുറമേ കാര്‍ഡിലെ ഒരോ അംഗത്തിനും അഞ്ചു കിലോഗ്രാം ധാന്യം വീതം സൗജന്യമായി വിതരണം ചെയ്തു പോരുന്ന പദ്ധതി. പ്രസ്തുത പദ്ധതി കൊവിഡ് പരിപൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് വരേ തുടര്‍ന്നുപോകണം. ഇതിന്റെ പ്രതിഫലനമായി കേരളത്തില്‍ കിറ്റ് വിതരണത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് ഉണ്ടായനേട്ടം പോലെ തന്നെയാണ് ഇതര സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി മാറിയത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ രാജ്യത്തെ ജനമനസ്സുകളില്‍ കൊണ്ടുവരികയും ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കുവാനും വേണ്ടിയാണ് ആഗസ്റ്റ് 2ന് ‘സേവ് നാഷണല്‍ സേവ് റേഷന്‍ ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചുകൊണ്ട് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് രാജ്യത്തെ റേഷന്‍ വ്യാപാരികള്‍ മാര്‍ച്ച് നടത്തുന്നത്.