മുസ്ലിം രക്ഷകര്‍ത്താക്കളുടെ തണലില്‍ ഹിന്ദു ആചാരപ്രകാരം റീഷ്മക്ക് മിന്നുക്കെട്ട്

മുസ്ലിം രക്ഷകര്‍ത്താക്കളുടെ തണലില്‍ ഹിന്ദു ആചാരപ്രകാരം റീഷ്മക്ക് മിന്നുക്കെട്ട്

ചാലക്കര പുരുഷു

തലശ്ശേരി: ജാതിമതങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കുമപ്പുറം ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെ തണലില്‍ വളര്‍ന്ന പെണ്‍കുട്ടിക്ക് ഒടുവില്‍ മാംഗല്യസൗഭാഗ്യം. തലശ്ശേരി മൂന്നാം ഗേറ്റിലെ മെഹനാസില്‍ പി.ഒ നാസ്സിയുടേയും പി.എം സുബൈദയുടേയും വളര്‍ത്തുമകളായ ബേബി റീഷ്മയാണ് ഇവരുടെ വീട്ടില്‍ വെച്ച് വിവാഹിതയായത്. മുസ്ലിം മത വിശ്വാസികളായ രക്ഷാകര്‍ത്താക്കളുടെ വീട്ടുമുറ്റത്ത് പന്തല്‍ കെട്ടി ഹിന്ദു വിവാഹാചാരങ്ങളോടെയാണ് റീഷയുടെ കഴുത്തില്‍ കരിയാട് സ്വദേശിയായ റിനൂപ് താലി ചാര്‍ത്തിയത്. പൗരപ്രമുഖനായ എം.സി ബാലന്‍ ചടങ്ങിന് കാര്‍മികത്വം വഹിച്ചു.

സ്വന്തം മകളുടെ കല്യാണം നടത്തുന്നതിന്റെ അതേ ഉത്തരവാദിത്വത്തോടെയാണ് പി.ഒ.നാസ്സിയും ഭാര്യ സുബൈദയും 25 പവന്റെ സ്വര്‍ണ്ണാഭരണങ്ങളടക്കം നല്‍കി റീഷ്മയെ വിവാഹം കഴിപ്പിച്ചയച്ചത്. ക്ഷണിതാക്കള്‍ക്കെല്ലാം വിവാഹവിരുന്നും നല്‍കി. സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകരായ പി.സി നിഷാന്ത് , അഹമ്മദ്, സുധാകരന്‍, ആഷിക് അലി, സുനിത തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

വയനാട് ബാവലി സ്വദേശിനിയായ റീഷ്മയുടെ അമ്മ ജാനുവും സഹോദരന്‍ രാജേഷും സഹോദരിയും ചടങ്ങിന്‌
എത്തിയിരുന്നു. നേരത്തെ ജാനു ഈ വീട്ടില്‍ ജോലി ചെയ്തിരുന്നു. 13 വര്‍ഷം മുമ്പ് മകളെ വീട്ടുകാരെ ഏല്‍പ്പിച്ച് പോവുകയായിരുന്നു. റീഷ്മയെ സ്‌കൂളിലയച്ച് പഠിപ്പിക്കുകയും സ്വന്തം മക്കള്‍ക്കൊപ്പം റീഷ്മയെയും സ്വന്തം മകളായി വളര്‍ത്തുകയുമായിരുന്നു. കുട്ടി മുതിര്‍ന്നപ്പോള്‍ വളര്‍ത്തു മാതാപിതാക്കള്‍ വരനെ അന്വേഷിച്ച് നടന്നപ്പോഴാണ് കരിയാട്ടെ ആലോചന ഒത്തു കിട്ടിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *