കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതികളായ തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി എന്നീ പ്രതികള്‍ക്ക് ഏഴുവര്‍ഷവും താജുദ്ദീന് 6 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കൊച്ചി എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. തടിയന്റവിട നസീറിന് 1,75 ലക്ഷം രൂപ പിഴയും മറ്റു രണ്ടു പേര്‍ക്ക് ഒന്നര ലക്ഷം രൂപയുമാണ് പിഴ.
വിചാരണ പൂര്‍ത്തിയാക്കാതെയാണ് മൂന്ന് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. എന്‍.ഐ.എ ചുമത്തിയ കുറ്റങ്ങള്‍ സമ്മതിക്കുന്നതായി പ്രതികള്‍ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. നിലവിലെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് സൂചന. അബ്ദുല്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉള്‍പ്പെടെ കേസില്‍ 13 പ്രതികളുണ്ട്. ഇതില്‍ അഞ്ചാം പ്രതി അനൂപ് കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. കുറ്റം സമ്മതിക്കാത്ത പ്രതികളുടെ വിചാരണ ഉടന്‍ തുടങ്ങും.
പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് തോക്ക് ചൂണ്ടി തട്ടിയെടുത്തു. യാത്രക്കാരെ കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ട ശേഷം പെട്രോളൊഴിസ് ബസ് കത്തിച്ചു. എന്‍.ഐ.എ പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.