തലശ്ശേരി: ഒരു വേദിയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവില്‍ ഗാനമാലപിക്കുക എന്നുപറയുന്നത് വലിയ കാര്യമാണ്. അതേ വേദിയില്‍ മറ്റൊരാള്‍ പാടി ഫലിപ്പിച്ച ഗാനം അയാളുടെ മുന്നില്‍ നിന്ന് പാടുകയും അഭിനന്ദനം നേടുകയും ചെയ്യുക എന്നത് അതിലും വലിയ കാര്യമാണ്. നഗരസഭ ടൗണ്‍ഹാളില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ അമൃതം അതിജീവനത്തിന്റെ ആഘോഷ പരിപാടിയില്‍ സംഭവിച്ചതും അത്തരമൊരു കാര്യമാണ്.
പരിപാടിയില്‍ ചൊക്ലി ഒളവിലത്തെ അതുല്യ എന്ന കൗമാരക്കാരി ‘ചിന്നിച്ചിന്നി മിന്നിത്തിളങ്ങുന്ന ‘ എന്ന ഗാനം ആലപിച്ചപ്പോള്‍ സിനിമയില്‍ ഈ പാട്ടു പാടിയ പിന്നണി ഗായിക മഞ്ജരിയും വേദിയിലുണ്ടായിരുന്നു. ഗാനാലാപനത്തിനുശേഷം അതുല്യക്കരികില്‍ വേദിയലെത്തിയ മഞ്ജരി കുട്ടിയെ അഭിനന്ദിക്കാനും മറന്നില്ല.
ജപ മ്യൂസിക് ഡയറക്ടര്‍ ജയന്‍ മാഷിന്റെ ശിഷ്യയായ അതുല്യ, സ്‌കൂള്‍ കലോത്സവങ്ങളിലും യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും ലളിതസംഗീതത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗായക കുടുംബമായ ഒളവിലം നീലാംബരിയിലെ ഗംഗാധരന്‍-ബിന്ദു ദമ്പതികളുടെ മകളാണ് അതുല്യ.