തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതിക്കെതിരേ ആരോപണവുമായി മൂന്നാം പ്രതിയും ബാങ്കിലെ മുന്‍ സീനിയര്‍ ഓഫിസറുമായിരുന്ന സി.കെ ജില്‍സ്. ബാങ്ക് സെക്രട്ടറിയും ഭരണസമിതിയും പറഞ്ഞത് മാത്രമാണ് ചെയ്തത്. ബാങ്കിലെ കാര്യങ്ങള്‍ അറിയില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നവരുമായി വ്യക്തിപരമായി ബന്ധമില്ല. ഭരണ സമിതിയും സെക്രട്ടറിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. തന്നെ കേസില്‍ പെടുത്തുകയായിരുന്നെന്നും ജില്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി തനിക്ക് ഉണ്ടായിരുന്നതെന്നും പാര്‍ട്ടി നോമിനിയായാണ് ബാങ്കില്‍ കയറിയതെന്നും ജില്‍സ് പറഞ്ഞു.
കേസില്‍ അറസ്റ്റിലായിരുന്ന ജില്‍സ് 26നാണ് ജാമ്യത്തിലിറങ്ങിയത്. അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവരങ്ങള്‍ തേടി ഹൈക്കോടതി. ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് ടി.ആര്‍ രവിയാണ് ഉത്തരവിട്ടിരിക്കുന്നത്. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.