ലഖ്‌നൗ: ലഖ്‌നൗ ലുലു മാളില്‍ നിസ്‌കരിച്ച കേസില്‍ അറസ്റ്റിലായ ആറു പേര്‍ക്ക് ജാമ്യം. മാളില്‍ അനുമതിയില്ലാതെ നിസ്‌കരിച്ചുവെന്ന പരാതിയില്‍ പിടിയിലായവര്‍ക്കാണ് ലഖ്‌നൗ എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്.
ഈ മാസം 12നായിരുന്നു അറസ്റ്റിനാസ്പദമായ സംഭവം. മാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പിറകെയാണ് നിസ്‌കാര വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒരു സംഘം ആളുകള്‍ മാളില്‍ നിസ്‌കരിച്ചെന്ന് കാണിച്ച് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നാലെ മാള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംഭവത്തില്‍ മുഹമ്മദ് ആദില്‍, മുഹമ്മദ് സഈദ്, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ആതിഫ്, മുഹമ്മദ് റെഹാന്‍, മുഹമ്മദ് ലുഖ്മാന്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഉപാധികളോടെയാണ് എ.സി.ജെ.എം കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 20,000 രൂപ ആള്‍ജാമ്യത്തുകയായി നല്‍കണം. കോടതിയില്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണം. എന്നിങ്ങനെ കര്‍ശന നിര്‍ദേശങ്ങളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.