അട്ടപ്പാടി: അട്ടപ്പാടിയിലെ മുഴുവന്‍ ഊരുകളിലും മില്ലറ്റ് ഗ്രാമം പദ്ധതി വരുന്നതോടുകൂടി കേരളത്തിലെ അഭിമാന പദ്ധതികളില്‍ ഒന്നായി അതു മാറും എന്ന് കൃഷി വകുപ്പ് മന്ത്രി. അട്ടപ്പാടിയില്‍ വിളിച്ചുചേര്‍ത്ത കൃഷി ഉദ്യോഗസ്ഥന്മാരുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശിശുമരണം പോഷകാഹാരക്കുറവ് എന്നിവയ്ക്ക് ഒരു പരിഹാരമാണ് മില്ലറ്റ് വില്ലേജ്. 192 മില്ലറ്റ് ഗ്രാമങ്ങള്‍ വരുന്നതോടെ ആരോഗ്യമുള്ള അട്ടപ്പാടി എന്ന സ്വപ്നം സാക്ഷാല്‍കരിക്കാനാവും.
ആദിവാസി ജനതയുടെ ഉന്നമനത്തിന് വേണ്ടി കൃഷിയുദ്യോഗസ്ഥര്‍ പരിശ്രമിക്കണം. കൃഷിക്കൂട്ടം പോലുള്ള കൊച്ചു ഗ്രൂപ്പുകളിലൂടെ കൃഷി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ആദിവാസി ഊരുകളില്‍ സജീവമാകണം.അട്ടപ്പാടി മില്ലറ്റ് ഗ്രാമം ഉല്‍പാദിപ്പിക്കുന്ന വിവിധ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ മൊബൈല്‍ യൂണിറ്റ് വഴി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വിപണനം നടത്തുന്നതിനുള്ള സംവിധാനം തയാറാക്കണം. കൂടാതെ പ്രവര്‍ത്തന സ്റ്റാളുകള്‍ സജ്ജീകരിച്ച് വിപണനം നടത്തുവാനും സാധിക്കണം.
ഓരോ കുടുംബത്തിനും കൃഷിയില്‍ നിന്ന് മാന്യമായ വരുമാനം ഉണ്ടാക്കുന്നതിനുവേണ്ടി കൃഷിയുദ്യോഗസ്ഥര്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണം. ഉല്‍പാദനം സംഭരണം സംസ്‌കരണം ബ്രാന്‍ഡിങ് വിപണനം എന്നീ ഓരോ ഘട്ടങ്ങളിലും ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. ഉല്‍പാദനം കൂട്ടുന്നതോടൊപ്പം തന്നെ അവയുടെ വിപണന സാധ്യതയും കൂട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വയ്ക്കണം. ചെറുധാന്യങ്ങളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ പച്ചക്കറി, വാഴ, തെങ്ങുകൃഷി എന്നിവയും പ്രോത്സാഹിപ്പിക്കണം.
പച്ചക്കറി മാര്‍ക്കറ്റിങ്ങിന് ഓപ്പണ്‍ മാര്‍ക്കറ്റ് വരുന്നതോടുകൂടി വിപണനം സുഗമമാകും. യോഗത്തില്‍ കൃഷി ഡയരക്ടര്‍ ടി.വി സുഭാഷ് അധ്യക്ഷത വഹിച്ചു അഡീഷണല്‍ ഡയരക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ സ്വാഗതവും പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.കെ സരസ്വതി നന്ദിയും പറഞ്ഞു