തിരുവനന്തപുരം: കരുവന്നൂരിലേത് ചെറിയ പ്രശ്‌നമാണ്. ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍. കുറ്റക്കാരെ സംരക്ഷിക്കില്ല. സഹകരണ ബാങ്കുകളിലെ റിസ്‌ക് ഫണ്ട് രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ഒരു സഹകരണ സ്ഥാപനത്തില്‍ ഉണ്ടായ പ്രശ്‌നം പൊതുവല്‍ക്കരിക്കരുത്. തെറ്റായ പ്രചാരണങ്ങള്‍ പരിശോധിച്ചാല്‍ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ കഴിയും. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആരു വിചാരിച്ചാലും തകര്‍ക്കാനാകില്ല. അത്രയും ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാണ് സഹകരണ മേഖലയെന്നും വി.എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിന കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതിന് പിന്നാലെയാണ് തട്ടിപ്പ് വിഷയം ചര്‍ച്ചയായത്. ആര് ഭരിച്ചാലും, ക്രമക്കേട് എവിടെ കണ്ടാലും സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് ശക്തവും കൃത്യവുമാണ് അദ്ദേഹം പറഞ്ഞു.