ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം രാജസ്ഥാനില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. രണ്ട് പൈലറ്റുമാരാണ് മരിച്ചത്. ഇന്നലെ രാത്രി 9.10ഓടെയായിരുന്നു അപകടം. പരിശീല പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് വിമാനം തകര്‍ന്ന് വീണത്. ഒരു കിലോമീറ്ററോളം ദൂരത്ത് അവശിഷ്ടങ്ങള്‍ ചിതറി തെറിച്ചിരുന്നു. ജില്ലാ കലക്ടര്‍, പോലിസ് സൂപ്രണ്ട്, വ്യോമസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
വിമാനം പൂര്‍ണമായി കത്തി നശിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരിയോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. മരിച്ച പൈലറ്റുമാരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.