കോഴിക്കോട്: മര്‍കസ് നാഷണല്‍ മിഷന് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പുതിയവീട്ടില്‍ അഹമ്മദ് ഹാജി മെമ്മോറിയല്‍ ഗ്രെയ്സ് വാലി ഉദ്ഘാടനം ലുലു ഫിനാന്‍ഷ്യല്‍ മാനേജിങ് ഡയരക്ടര്‍ അദീബ് അഹമ്മദ് നിര്‍വഹിച്ചു. മര്കസിലേയും കേരളത്തിലേയും പഠന മികവും ധാര്മികാന്തരീക്ഷവും തേടി ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസത്തോടെ പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രെയ്സ് വാലി നിര്‍മിച്ചിട്ടുള്ളത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസില്‍ കൂടുതല്‍ പഠന സൗകര്യം നല്കി മര്‍കസ് സ്ഥാപനങ്ങളെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ പ്രഥമഘട്ടമാണ് മര്‍കസ് ഗ്രെയ്സ് വാലി. ഈ പദ്ധതിയിലൂടെ വരുന്ന അഞ്ച് വര്‍ഷത്തിനകം സ്ഥാപനങ്ങളില്‍ കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തും.
തന്റെ പിതാമഹന്റെ ഓര്‍മക്കായി ആധുനിക സൗകര്യങ്ങളോടെ അദീബ് അഹമ്മദ് നിര്‍മിച്ചുനല്‍കിയ ഗ്രെയ്സ്വാലിയില് ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 80 വിദ്യാര്‍ഥികള്‍ നിലവില്‍ പഠനമാരംഭിച്ചിട്ടുണ്ട്. അടുത്ത രണ്ടുവര്‍ഷത്തിനകം ഇവിടെ 300 വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യമുണ്ടാകും. ഉന്നതനിലവാരം പുലര്‍ത്തുന്ന ബെഡ്റൂമുകള്‍, ഡൈനിങ് ഹാള്‍, റീഡിങ് റൂം, കായികക്ഷമതാ കേന്ദ്രം, പ്രാര്‍ഥനാ മുറി, ഓഫിസ് സൗകര്യങ്ങള്‍, വിസിറ്റേഴ്സ് ലോഞ്ച് തുടങ്ങി വിദ്യാര്‍ഥികളുടെ മാനസികവും ശാരീരികവുമായ അഭിവൃദ്ധിക്കാവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഒരു സമൂഹത്തിന്റെ ഉയര്‍ച്ച സാധ്യമാകുന്നത് പുതിയ തലമുറയുടെ വിദ്യാഭ്യാസ മികവിനനുസരിച്ചാണ് എന്ന കാര്യത്തില്‍ പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഇത്തരം പദ്ധതികള്‍ക്ക് പിന്തുണയേകുന്നതെന്നും ദേശീയ തലത്തില്‍ വിദ്യാഭ്യാസ രംഗത്ത് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ മര്‍കസിന് സാധിക്കട്ടെ എന്നും അദീബ് അഹമ്മദ് പറഞ്ഞു. മെംസ് ഇന്റര്‍നാഷണനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മര്‍കസ് ചെയര്മാന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഡയരക്ടര്‍ ജനറല്‍ സി.മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ ചടങ്ങില്‍ സംബന്ധിച്ചു.