മംഗളൂരു: വസ്ത്രവ്യാപാരിയായ മുഹമ്മദ് ഫാസില്‍ എന്ന യുവാവിനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് മംഗളൂരുവില്‍ ജൂലൈ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമ്പൂര്‍, ബജ്‌പെ, മുല്‍ക്കി, സൂറത്ത്കല്‍ എന്നീ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി. മംഗളൂരുവില്‍ തുണിക്കടയ്ക്ക് മുന്നിലിട്ടാണ് കാറിലെത്തിയ അജ്ഞാതസംഘം യുവാവിനെ വെട്ടിക്കൊന്നത്.ഹ്യുണ്ടായി കാറില്‍ എത്തിയവരാണ് ഫാസിലിനെ ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലിസ് അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. ഫാസിലിന്റെ സംസ്‌കാരം ഇന്ന് നടക്കും.
നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചു. എ.ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മംഗളൂരുവില്‍ ക്യാംപ് ചെയ്യുന്നുണ്ട്. വാഹനങ്ങള്‍ വിശദ പരിശോധന നടത്തിയാണ് കടത്തിവിടുന്നത്.
കൊല്ലപ്പെട്ട ഫാസില്‍ സൂറത്കലിലെ മംഗല്‍പേട്ട് സ്വദേശിയാണ്. കഴിഞ്ഞ 21ന് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദി(19)നെ സുള്ള്യയില്‍ ഒരു സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയതോടെയാണ് ദക്ഷിണ കന്നഡയില്‍ സംഘര്‍ഷാന്തരീക്ഷം ഉടലെടുത്തത്.
ജൂലൈ 26 ന് യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരൂവിനെയും ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് മംഗളൂരുവിലും പരിസരത്തും വലിയ സംഘര്‍ഷാവസ്ഥയാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ പ്രതികള്‍ കേരളത്തിലേക്ക് കടന്നെന്ന സൂചനയെത്തുടര്‍ന്ന് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു.