കോഴിക്കോട്: മലബാര്‍ മേഖല നേരിട്ട് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിവേചനങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ മലബാര്‍ സ്‌പെഷ്യല്‍ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ല പ്രസിഡന്റ് മുനീബ് എലങ്കമല്‍ നയിക്കുന്ന പ്രക്ഷോഭ യാത്രയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിച്ച് വിദ്യാര്‍ഥികളുടെ ഭാവികൊണ്ടുള്ള കളി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.മുജീബ് റഹ്മാന്‍ പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിഭജനം, ജില്ലയിലെ ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തുക തുടങ്ങി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രക്ഷോഭ യാത്രയിലൂടെ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍ തികച്ചും ന്യയമായവയാണ്. ആ ആവശ്യങ്ങളോട് ഇനിയും പുറം തിരിഞ്ഞുനില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളായിരിക്കും വിദ്യാര്‍ഥി സമൂഹത്തില്‍ നിന്നും സര്‍ക്കാര്‍ നേരിടേണ്ടി വരിക എന്ന് സമ്മേളനത്തില്‍ സംസാരിച്ച വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കാന്‍ ഫ്രറ്റേണിറ്റി ഒരുക്കമല്ലന്നും പൂര്‍ണ വിജയം വരെ തെരുവില്‍ നിലയുറപ്പിക്കാന്‍ തന്നെയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തീരുമാനിച്ചിട്ടുള്ളതെന്നും മറുപടി പ്രസംഗത്തില്‍ പ്രക്ഷോഭ യാത്രാ ക്യാപ്റ്റന്‍ മുനീബ് എലങ്കമല്‍ പറഞ്ഞു.രണ്ട് ദിവസം നീണ്ടു നിന്ന പ്രക്ഷോഭ യാത്ര കുറ്റ്യാടി പഴയ ബസ് സ്റ്റാന്‍ഡില്‍ പൊതു സമ്മേളനത്തോടെ അവസാനിച്ചു.
സമാപന സമ്മേളനത്തോടനുബന്ധിച്ച് നൂറു കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന റാലിയും നടന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിഭജിച്ച് കോഴിക്കോട് ജില്ല ആസ്ഥാനമാക്കി പുതിയ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുക, ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തുക, മലയോര, തീരദേശ മേഖല സ്‌പെഷ്യല്‍ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളില്‍ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് പാസാക്കി.വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല ജനറല്‍ സെക്രട്ടറിമാരായ തബ്ഷീറ സുഹൈല്‍, ലബീബ് കായക്കൊടി വൈസ് പ്രസിഡന്റ് സജീര്‍ ടി. സി എന്നിവര്‍ സംസാരിച്ചു.