ഗുവാഹത്തി: അസമിലെ ജോറത്ത് വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. താലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഇന്‍ഡിഗോ വിമാനമാണ് റണ്‍വേയില്‍ തെന്നിമാറിയത്. വിമാനം പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് റണ്‍വേയില്‍ തെന്നിയത്. കൊല്‍ക്കത്ത വിമാനമാണ് തെന്നിമാറിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ വിമാനത്തിന് തകരാറുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ കണ്ട്‌ല വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ സ്‌പൈസ് ജെറ്റിലും സാങ്കേതിക തകരാര്‍ സംഭവിച്ചിച്ചിരുന്നു. ടേക്ക് ഓഫിനിടെ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ടേക്ക് ഓഫ് നിര്‍ത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ ഒമ്പതാം തവണയാണ് സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ അഭിമുഖീകരിക്കുന്നത്.
സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിനെതിരെ കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) നടപടി എടുത്തിരുന്നു. രണ്ട് മാസത്തേക്ക് സ്‌പൈസ് ജെറ്റിന്റെ വിമാന സര്‍വീസ് വെട്ടിക്കുറച്ചിട്ടുണ്ട്. അമ്പത് ശതമാനം സര്‍വിസുകള്‍ മാത്രമേ ഈ കാലയളവില്‍ ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡി.ജി.സി.എയുടെ നിര്‍ദേശം. തുടര്‍ച്ചയായി സാങ്കേതിക പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഡി.ജി.സി.എ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ഡി.ജി.സി.എ നടത്തിയ പരിശോധനയില്‍, സ്‌പൈസ് ജെറ്റിന്റെ സുരക്ഷാ മുന്‍കരുതലുകളും മെയിന്റനന്‍സും പര്യാപ്തമല്ല എന്ന് കണ്ടെത്തിയിരുന്നു. അടുത്ത എട്ടാഴ്ച സ്പൈസ് ജെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഡി.ജി.സി.എ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആകും തുടര്‍ നടപടികള്‍ എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
സ്‌പൈസ് ജെറ്റിന്റെ 48 വിമാനങ്ങളില്‍ ഈ മാസം ഒന്‍പതിനും 13നും ഇടയില്‍ ഡി.ജി.സി.എ പരിശോധനയും നടത്തിയിരുന്നു. ഇപ്രകാരം നടത്തിയ 53 പരിശോധനകളെ കൂടി വിലയിരുത്തിയാണ് നടപടി എന്ന് ഡി.ജി.സി.എ വിശദീകരിച്ചു. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് സ്‌പൈസ് ജെറ്റ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അപര്യാപ്തമാണെന്നാണ് ഡി.ജി.സി.എ വിലയിരുത്തുന്നത്.