ന്യൂഡല്‍ഹി: അധിര്‍ രഞ്ജന്‍ ചൗധരിയുടെ ‘രാഷ്ട്രപത്‌നി’ എന്ന പരാമര്‍ശം തെറ്റായിപ്പോയെന്നും അതില്‍ അദ്ദേഹം ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്നാല്‍, ബി.ജെ.പിയോട് മാപ്പ് ചോദിക്കുന്ന പ്രശ്‌നമില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’ എന്ന് അഭിസംബോധന ചെയ്തത് വലിയ വിവാദമായിരുന്നു. ബി.ജെ.പി ഇത് ഇരുസഭയിലും ഉന്നയിക്കുകയും തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഹ്രസ്വമായി നിര്‍ത്തിവച്ചിരുന്നു. കോണ്‍ഗ്രസ്സും സോണിയ ഗാന്ധിയും സംഭവത്തില്‍ മാപ്പ് ചോദിക്കണമെന്ന് സ്മൃതി ഇറാനി ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. അതിന് മറുപടിയായാണ് ഇപ്പോള്‍ സോണിയ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
അധിര്‍ രഞ്ജന്‍ ചൗധരിയോട് മാപ്പ് പറയാന്‍ പ്രേരിപ്പിക്കുമോയെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടുള്ള ചോദ്യത്തിന്, ‘അദ്ദേഹം ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ട്’എന്ന് പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ മറുപടിയായി സോണിയ ഗാന്ധി പറഞ്ഞു. ‘കോണ്‍ഗ്രസ് പ്രതിഷേധത്തെകുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രപതിയെ കാണാന്‍ പോകുന്നു എന്നതിനു പകരം എന്റെ വായില്‍നിന്ന് അറിയാതെ വന്നതാണ് രാഷ്ട്രപത്‌നി എന്ന വാക്ക്. ഒറ്റത്തവണ മാത്രമേ ഞാനത് പറഞ്ഞിട്ടുള്ളു. അത് തെറ്റായിപ്പോയെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു.’ ചൗധരി പറഞ്ഞു. എന്നാല്‍, മാപ്പ് പറയിപ്പിക്കാന്‍ ബി.ജെ.പി ആരാണെന്നും ചൗധരി ചോദിച്ചു.
‘ഒരു ബ്രാഹ്‌മണനോ, മുസ്ലിമോ, ആദിവാസിയോ ആരുതന്നെ പ്രസിഡന്റ് ആയാലും അവര്‍ നമുക്ക് രാഷ്ട്രപതിയാണ്. എന്നാല്‍ തികച്ചും അറിയാതെ വന്നുപോയ ആ വാക്കിനെ എന്തുചെയ്യാന്‍ കഴിയും, ഒറ്റത്തവണമാത്രമേ ഞാനത് പറഞ്ഞിട്ടുമുള്ളൂ. എന്റെ പ്രസംഗം കേള്‍ക്കൂ, അല്ലെങ്കില്‍ ആ വീഡിയോ കാണൂ നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം മനസിലാകും,അതിനായി നിങ്ങള്‍ ഇപ്പോള്‍ എന്നെ തൂക്കിക്കൊല്ലുമോ?’ എന്നും അധീര്‍ ചൗധരി ചോദിച്ചു.