സോമയാഗം നടക്കുമ്പോള്‍ മുഖ്യ ഹവിസ്സായി യാഗാഗ്‌നിയില്‍ സമര്‍പ്പിക്കുന്ന അത്യപൂര്‍വ്വ ഔഷധ
ചെടിയായാണ് സോമലത എന്ന വള്ളിച്ചെടി അറിയപ്പെടുന്നത്. വേദകാലഘട്ടങ്ങള്‍ മുതല്‍ക്കേ ഏറെ പ്രചാരമുള്ളതും അതിലേറെ പരാമര്‍ശിക്കപ്പെട്ടതുമായ സോമലത ഹിമാലയത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലും ബംഗാളിലും ബീഹാറിലുമാണ് കാണപ്പെടുന്നത്. മലബാറിലെ പരമ്പരാഗത ഐതീഹ്യ സങ്കല്‍പ്പമായ ‘കല്ലടിക്കോട് നീലി’ എന്ന രൗദ്ര മൂര്‍ത്തിയുടെ പേരില്‍ ഖ്യാതി നേടിയ കല്ലടിക്കോടന്‍ മലയിലും സോമലത വളര്‍ന്നിരുന്നു. പാലക്കാട് ജില്ലയിലാണ് പശ്ചിമഘട്ടത്തിലെ കല്ലടിക്കോടന്‍ മല.
ഋഗ്വേദത്തിലും സുശ്രുതസംഹിതയിലും സോമലതയുടെ വിവിധ ഇനങ്ങളെ സമഗ്രമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നതായി പണ്ഡിതന്മാര്‍ സമ്മതിക്കുന്നു. സോമലത എന്ന ഈ ചെടിയുടെ സര്‍വ്വവിധ സവിശേഷതകളും ഔഷധവീര്യവും ഉപയോഗ പ്രയോഗങ്ങളും ഇതില്‍ വിശദമായി വിവരിച്ചിട്ടുണ്ടെന്നും ഇക്കൂട്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. യാഗശാലയിലെ രാജാവെന്ന പേരിലറിയപ്പെടുന്ന സോമലത (Sarcostemma acidum) നിരവധി തരത്തിലുണ്ടെന്ന് പുരാണങ്ങളില്‍ കാണാം. ശുദ്ധമായ പരിചരണവും പരിലാളനയുമുണ്ടെങ്കില്‍ വീടുകളില്‍ പൂച്ചട്ടികളിലും മണ്ണിലും സോമലത ആര്‍ക്കും നട്ടുവളര്‍ത്താവുന്നതുമാണ്.
സോമലതയുടെ മൂപ്പെത്തിയ തണ്ടുകള്‍ പുഴകളിലും മറ്റും കാണുന്ന ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ച് ചതച്ചുകൊണ്ട് പിഴിഞ്ഞെടുക്കുന്ന പാല്‍നിറമുള്ള സോമരസം സോമയാഗം നടക്കുമ്പോള്‍ മുഖ്യ ഹവിസ്സായി യാഗാഗ്‌നിയില്‍ അര്‍പ്പിക്കുകയായിരുന്നുപതിവ്. മറ്റ് പലവിധ യാഗങ്ങളിലും സോമരസം ഒഴിച്ചുകൂടാനാവാത്ത ഇനമായിരുന്നു. നാള്‍തോറും വര്‍ധിക്കുന്ന നവയൗവ്വനവും ഒപ്പം ആരോഗ്യവും പ്രസരിപ്പും പ്രദാനം ചെയ്യുന്ന അത്യമൂല്യ ഔഷധമായും സോമരസത്തെ അനാദി കാലങ്ങളില്‍ മുനിമാര്‍ നോക്കിക്കണ്ടിരുന്നു.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസൃതമായി പൗര്‍ണ്ണമി ദിനമാകുമ്പോഴേക്കും ഈ ചെടിയില്‍ പതിനഞ്ച് ഇലകളുടെ വളര്‍ച്ച പൂര്‍ത്തിയാകും. അമാവാസിയിലെത്തുമ്പോഴേക്കും ഒരൊറ്റ ഇലപോലും ശേഷിക്കാത്ത അവസ്ഥയിലെത്തിയിരിക്കും ഈ ചെടി. ഭാരതീയ ഋഷിവര്യന്മാര്‍ അത്യമൂല്യമായ ഔഷധ വിധിയായാണിതിനെ നോക്കിക്കണ്ടിരുന്നത്. അമിതമായ ജലസാന്നിധ്യം ഇഷ്ട്ടപ്പെടാത്ത സോമലത ചെടി കടുത്ത സൂര്യപ്രകാശമില്ലാത്ത സ്ഥലങ്ങളിലാണ് ഇടതൂര്‍ന്നു വളര്‍ന്ന് തൂങ്ങി നില്‍ക്കുന്നത്. ഈ ചെടിയുടെ വിത്തുകള്‍ പോത്തിന്‍കൊമ്പിന്റെ ആകൃതി തോന്നിപ്പിക്കുന്ന തരത്തില്‍ രണ്ടു വശങ്ങളിലേക്കും ഉയര്‍ന്നു നില്‍ക്കും. അഡീനിയം പ്ളാന്റിന്റെ വിത്തുകള്‍ക്ക് സമം. വിത്തുകള്‍ പാകമായാല്‍ പൊട്ടിവിടര്‍ന്ന് അപ്പൂപ്പന്‍ താടി പോലെ കാറ്റില്‍ പറന്നുപോയാണ് വംശവര്‍ദ്ധനവുണ്ടാകുന്നത്.
ദേവന്മാര്‍ അമൃത് ഭക്ഷിക്കുമ്പോള്‍ നിലത്ത് വീണുപോയ തുള്ളികളാണ് സോമലതയായി പരിണമിച്ചതെന്ന ഐതീഹ്യത്തെ മുറുകെ പിടിക്കുന്നവരും ഇല്ലാതില്ല. ഒരു കിലോ സോമലതയുടെ പൊടി അഥവാ ചൂര്‍ണ്ണം ഓണ്‍ലൈന്‍ വ്യാപാരികളില്‍നിന്നും ലഭിക്കണമെങ്കില്‍ 7,650 രൂപ മുടക്കേണ്ടതായും വരും. അതാണ് ഇന്നത്തെ സ്ഥിതി. ഇലയുള്ളതും ഇലയില്ലാത്തതുമായ വിവിധ ഇനങ്ങളിലായുള്ള സോമലത എന്ന ഈ വള്ളിച്ചെടി കടുത്ത വംശനാശഭീഷണി നേരിടുന്നതായും പറയപ്പെടുന്നു. തലച്ചോറിനുണ്ടാകുന്ന സെറിബ്രല്‍ ഹെമറേജ്, ഹൈഡ്രോഫോബിയ, നാഡീസംബന്ധമായ ഗുരുതരമായ രോഗങ്ങള്‍, ചൊറിച്ചല്‍ , പേ വിഷബാധ പോലുള്ള പല രോഗങ്ങള്‍ക്കും സോമലത നല്ലതാണെന്നുമറിയുന്നു. സോമലതയുടെ തണ്ട് മുറിച്ചാല്‍ കൊഴുപ്പുള്ള പാല്‍ നിറത്തിലുള്ള ഒരു ദ്രാവകം ഊറിവരുന്നതു കാണാം.
അനാദികാലങ്ങളില്‍ നമ്മുടെ മുനിമാര്‍ സോമലതയുടെ തണ്ട് പിഴിഞ്ഞെടുത്താല്‍ കിട്ടുന്ന നേരിയ ചവര്‍ പ്പുള്ള സോമരസം എന്ന ദ്രാവകം സേവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നവരും ഇല്ലാതല്ല. സോമരസം സേവിച്ചാല്‍ ലഹരിനിറഞ്ഞ പാനീയം കഴിച്ച അവസ്ഥയിലായിരിക്കുമെന്നതും ചില പഴമ്പുരാണങ്ങള്‍. സോമരസം മദ്യമാണെന്നും പുരാണങ്ങളിലെ ദേവന്മാരും മുനിമാരും മദ്യം കഴിക്കുന്നവരാണുമെന്നുള്ള തെറ്റിദ്ധാരണ പരത്തുന്ന ചില തെറ്റായ വ്യാഖ്യാനവും ജനമനസ്സുകളില്‍ കയറിക്കൂടാതെയുമില്ല. പുരാതന കാലം തൊട്ടേ ഭാരതത്തില്‍ ആചാരനുഷ്ഠാനങ്ങളില്‍ വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പൂവുകള്‍ക്കുമെല്ലാമുള്ള സ്ഥാനം ചെറുതല്ല. വൃക്ഷങ്ങളെയും സസ്യലതാദികളെയും ആരാധിക്കുന്നത് പുരാതന ഭാരതീയ സമ്പ്രദായമാണെന്ന് പുരാണഗ്രന്ഥങ്ങളില്‍ കാണുന്നു. തുളസി, താമര, അരയാല്‍, കൂവളം, അശോകം, കടമ്പ്, ചന്ദനം, ആല്‍മരം തുടങ്ങിയവ ഹിന്ദുമതവിശ്വാസികള്‍ വിശ്വാസപൂര്‍വ്വം ആരാധിച്ചുവരുന്ന വൃക്ഷലതാദികളില്‍ ചിലതു മാത്രം.
അരയാല്‍ വൃക്ഷം ഒന്നാംതരം തണല്‍ മരം എന്നതിലുപരി വൃക്ഷരാജനായും ഈ മരത്തിന്റെ വേരില്‍ ബ്രഹ്മാവും മദ്ധ്യഭാഗത്ത് വിഷ്ണുവും ഉച്ചിയില്‍ ശിവനും വസിക്കുന്നുവെന്ന് വിശ്വസിച്ചിരുന്ന ഒരു പഴയ തലമുറയുടെ പിന്മുറക്കാരാണ് ഈ ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മളെല്ലാം. ആയിരം കുടത്തില്‍ കൊണ്ടുവന്ന പനിനീരുകൊണ്ട് ബോധിവൃക്ഷത്തെ അഭിഷേകം ചെയ്ത അശോകചക്രവര്‍ത്തി ചരിത്രസത്യമായി ഇന്നും അവശേഷിക്കുന്നു. വേദസംസ്‌കാരം ഉടലെടുക്കുന്നതിനും എത്രയോ മുന്‍പ് തന്നെ ഭാരതഭൂമിയില്‍ വൃക്ഷാരാധന സമ്പ്രദായം നിലനിന്നിരുന്നതായിവേണം കരുതാന്‍. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി സഞ്ചയന കര്‍മം നടക്കുന്ന സമയങ്ങളില്‍ കൈപൊള്ളാതെ അസ്ഥി പെറുക്കാന്‍ ആധുനിക ഉപകരണങ്ങള്‍ പലതുമുണ്ടെങ്കിലും ഞള്ള്, അഥവാ ഞേവ് എന്ന പേരിലൊക്കെ അറിയപ്പെടുന്ന ചെടിയുടെ ചെറിയ ചില്ലകളാണ് ഇന്നും ഉപയോഗിക്കുന്നത്. എന്താവാം ഇതിന്റെ പിന്നിലെ ശാസ്ത്രീയത ?
കെട്ടിടനിര്‍മാണം നടക്കുന്നിടങ്ങളില്‍ കള്ളിമുള്ളുകള്‍ കെട്ടിത്തൂക്കിയിടുന്നത് കാണാം. ദൃഷ്ടിദോഷവും കള്ളിമുള്ളും തമ്മിലെന്താണാവോ ബന്ധം ? വൃക്ഷാരാധനയെ മഹാത്മാ ഗാന്ധിജി അനുകൂലിക്കുകയും അഭിനന്ദിക്കുകയുമാണുണ്ടായത്. പ്രകൃതിയോടുള്ള മഹാത്മജിയുടെ വൈകാരിക സമീപനം അതായിരുന്നു.
പാപം ചെയ്ത് പറുദീസാ നഷ്ട്ടപ്പെട്ട ജനസമൂഹത്തിന്റെ രക്ഷകന്റെ വരവിനെ സൂചിപ്പിക്കുന്ന ശുഭപ്രതീക്ഷയുടെ മരമായി ക്രിസ്തുമസ് ട്രീയെ കാണുന്ന മത വിശ്വാസികളാണ് ക്രിസ്ത്യാനികള്‍.ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി ദേവദാരു മരത്തിന്റെ ചില്ലകളില്‍ നക്ഷത്ര വിളക്കുകള്‍ തെളിയിക്കുന്നതിന്റെ പിറകിലും മതപരമായ ചില വിശ്വാസങ്ങളും കഥകളും ഇല്ലാതില്ല.
ഏദന്‍ തോട്ടത്തെ വിശദീകരിക്കുമ്പോള്‍ ജീവിതത്തിന്റെ വൃക്ഷം, അറിവിന്റെ വൃക്ഷം എന്ന ചില വേര്‍തിരിവുകളും കാണാം. ആര്‍ട്ടിഫിഷ്യല്‍ ക്രിസ്തുമസ് ട്രീകളും സദ്യ വിളമ്പാന്‍ വാഴ ഇലകളും വരെ ഇന്ന് വിപണിയില്‍ സുലഭമായി ലഭിക്കുന്ന കമ്പോളസംസ്‌കാരത്തിലാണ് നമ്മളിപ്പോഴുള്ളതെന്നത് മറ്റൊരു സത്യം. അത്യപൂര്‍വ്വങ്ങളായ നിരവധി ഔഷധസസ്യങ്ങളുടെ സംരക്ഷകനും വിതരണക്കാരനുമാണ് കണ്ണൂര്‍ ജില്ലയില്‍ തില്ലങ്കേരിയിലെ ഷിംജിത് എന്ന നാട്ടുമ്പുറത്തുകാരനായ കര്‍ഷകമിത്രം ചെറുപ്പക്കാരന്‍. സോമലതയുടെ തൈകളും വിത്തുകളും ആവശ്യമുള്ളവര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9447361535.