കോഴിക്കോട്: മത സമൂഹങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും സൗഹാര്‍ദവും സാഹോദര്യവും വളര്‍ത്താനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡയലോഗ് സെന്റര്‍ കേരള നടത്തിയ ‘മുഹമ്മദ് നബിയെ വായിക്കുമ്പോള്‍’ പ്രബന്ധ മല്‍സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മല്‍സരത്തില്‍ 6615 പേര്‍ രജിസ്റ്റര്‍ ചെയയ്യുകയും അവര്‍ക്കാവശ്യമായ പുസ്തകങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അതില്‍ 1847 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ ആലത്തിയൂര്‍ സ്വദേശി പി.കെ.വിജയ രാഘവന്‍ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയിലെ തന്നെ തിരൂര്‍ സ്വദേശി ഡോ.ഒ.രാജേഷ് രണ്ടാം സ്ഥാനവും വടകര സ്വദേശി ഗോപിനാഥ് മേമുണ്ട മൂന്നാം സ്ഥാനവും നേടി. ആറ് പേര്‍ പ്രത്യേക സമ്മാനത്തിനും 25 പേര്‍ പ്രോത്സാഹന സമ്മാനത്തിനുംഅര്‍ഹരായി. ഒന്നാം സമ്മാനം 20,000 രൂപയും, രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയും പ്രത്യേക സമ്മാനം മൂവായിരം രൂപ വീതവുമാണ്. സെപ്റ്റംബര്‍ നാലിന് ഞായര്‍ എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാന വിതരണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് (ഡയറക്ടര്‍, ഡയലോഗ് സെന്റര്‍ കേരള), എന്‍.എം അബ്ദുറഹിമാന്‍ സെക്രട്ടറി, ജി.കെ എടത്തനാട്ടുകര കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു.