പുതിയാപ്പ ഹാര്‍ബറില്‍ ഫിംഗര്‍ ജെട്ടിയും ലോക്കര്‍ റൂം സൗകര്യവും യാഥാര്‍ഥ്യമാകുന്നു

പുതിയാപ്പ ഹാര്‍ബറില്‍ ഫിംഗര്‍ ജെട്ടിയും ലോക്കര്‍ റൂം സൗകര്യവും യാഥാര്‍ഥ്യമാകുന്നു

കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്‌നമായിരുന്ന പുതിയാപ്പ ഹാര്‍ബറിലെ ഫിംഗര്‍ ജെട്ടിയും ലോക്കര്‍ മുറികളും ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷനാകും. ഹാര്‍ബര്‍ വികസനത്തിന്റെ ഭാഗമായി ഫിംഗര്‍ ജെട്ടി, ചുറ്റുമതില്‍, ലോക്കര്‍ മുറികള്‍ എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്. ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.01 കോടിയോളം രൂപ ചിലവിലാണ് ഫിംഗര്‍ ജെട്ടി നിര്‍മിച്ചത്. തെക്കേ പുലിമുട്ടില്‍ നിന്ന് 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികളാണ് പൂര്‍ത്തീകരിച്ചത്. കൈവിരല്‍ ആകൃതിയില്‍ കടല്‍പ്പാലം മാതൃകയിലാണ് പുതിയ ജെട്ടികള്‍. ഇവ തമ്മില്‍100 മീറ്റര്‍ അകലം ഉള്ളതിനാല്‍ ഇരുവശങ്ങളിലും യാനങ്ങള്‍ സുഗമമായി അടുപ്പിക്കുവാന്‍ സാധിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായി ഫിംഗര്‍ ജെട്ടി സ്ഥാപിക്കുന്നത്. ഇതോടെ തിരക്ക് പൂര്‍ണ്ണമായും ഒഴിവാക്കി കൂടുതല്‍ യാനങ്ങള്‍ സുരക്ഷിതമായും സൗകര്യത്തോടെയും ഹാര്‍ബറില്‍ സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിക്കും.

ജെട്ടിയിലേക്കുള്ള 300 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡും ശുദ്ധജല വിതരണ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.തീരദേശത്തിന്റെയും ഹാര്‍ബറുകളുടെയും സുരക്ഷ മുന്‍നിര്‍ത്തി ചുറ്റുമതിലും ലോക്കര്‍ മുറികളും നിര്‍മിച്ചിട്ടുണ്ട്്. ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് നിലവില്‍ 10 ലോക്കര്‍ മുറികളാണുണ്ടായിരുന്നത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.25 കോടി രൂപ ചിലവില്‍ 27 ലോക്കര്‍ മുറികളും 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുമാണ് നിര്‍മിച്ചത്. ലോക്കര്‍ മുറികളിലേക്കും പടിഞ്ഞാറെ പുലിമുട്ടിലേക്കും 95 ലക്ഷം രൂപ ചെലവഴിച്ച് പുതിയ റോഡും ഒരുക്കി. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ഡോ.ബീന ഫിലിപ്പ്, എം.കെ രാഘവന്‍ എം.പി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *