കോഴിക്കോട്: രാജ്യത്ത് ഭക്ഷ്യ ഭദ്രതാ നിയമം 2013-ല്‍ നടപ്പിലാക്കിയതോടു കൂടി പ്രസ്തുത നിയമത്തില്‍ ഉള്‍പ്പെട്ട മുന്‍ഗണനാ വിഭാഗമായ (മഞ്ഞ, പിങ്ക്) കാര്‍ഡുകള്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയോടെ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. കേരളം പോലുള്ള സംസ്ഥാനത്ത് 63 ശതമാനം കാര്‍ഡുകളും ഇതിനു പുറത്താണ് ഉള്ളത്. അതുകൊണ്ട് പശ്ചിമ ബംഗാള്‍ മാതൃകയില്‍ എല്ലാവര്‍ക്കും സബ്‌സിഡി നിരക്കില്‍ റേഷന്‍ നല്‍കണമെന്ന് ഓള്‍ കേരളാ റിട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങളുടെ അഭിരുചിക്കനുസരിച്ചുകൊണ്ട് വിതരണം ചെയ്യുക, ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്ക് ചെയ്യാന്‍ കൂടുതല്‍ സുരക്ഷിതവും ഈടും നില്‍ക്കുന്ന ചണ ചാക്കുകള്‍ ഉപയോഗിക്കുക, വെട്ടി കുറച്ച ഗോതമ്പ്, മണ്ണെണ്ണ എന്നിവയുടെ അലോട്ട്‌മെന്റ് വര്‍ധിപ്പിക്കുക, പാചക എണ്ണ , രാഗി, ചോളം, പയര്‍ വര്‍ഗങ്ങളും റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ കലാനുസൃതമായി പരിഷ്‌ക്കരിക്കുകയും വ്യാപാരികള്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷന്‍ ആഗസ്റ്റ് രണ്ടിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. പ്രസ്തുത മാര്‍ച്ചിന് കേരളത്തില്‍ നിന്നും അഞ്ഞൂറോളം പ്രവര്‍ത്തകരേ പങ്കെടുപ്പിക്കുമെന്ന് ഓള്‍ കേരളാ റിട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍ എക്‌സ് എം.എല്‍.എയും ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലിയും അറിയിച്ചു.