കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ കര്‍ഷക കൂട്ടായ്മയായ ഇരുവഞ്ഞിവാലി ടൂറിസം സര്‍ക്യൂട്ടിന്റെ സഹകരണത്തോടെ മലബാര്‍ ടൂറിസം കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഫാം ടൂറിസം യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍ നിര്‍വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് മലയോര ഗ്രാമ പഞ്ചായത്തുകളിലായി ഫാം ടൂറിസം വികസനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം ഉത്തരവാദിത്വ ടൂറിസം, കൃഷി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഇരവഞ്ഞിപുഴയുടെ വ്യഷ്ടി പ്രദേശങ്ങളായ പുതുപ്പാടി, കോടഞ്ചേരി, ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളെയാണ് പൈലറ്റ് പ്രൊജക്ടിനായി തിരഞ്ഞെടുത്തത്. ഇരുവഞ്ഞി വാലി അഗ്രി ടൂറിസം സര്‍ക്യൂട്ടിന്റേയും സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് – മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റേയും പ്രീ ഇവന്റുകളുടെ ഭാഗമായി മലബാര്‍ മേഖലയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘം കയാക്കിങ് പരിശീലന പരിപാടികളും സന്ദര്‍ശിച്ചു.
ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ മലബാര്‍ ടുറിസം കൗണ്‍സില്‍ ചെയര്‍മാന്‍ സജീര്‍ പടിക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ (കോടഞ്ചേരി ഡിവിഷന്‍ ) ബോസ് ജേക്കബ്ബ്, ഇരുവഞ്ഞിവാലി ടൂറിസം കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് അജു എ.മാനുവല്‍ , പ്രോഗ്രാം കണ്‍വീനര്‍ – പ്രിന്‍സ് സാം വിത്സന്‍ , വൈസ് പ്രസിഡന്റ് മധു പണിക്കര്‍, ട്രഷറര്‍ യാസിര്‍ അറഫാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.