ഹൈദരബാദ്: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടിലെത്തിക്കാം എന്നു പറഞ്ഞ് കാറില്‍ കയറ്റുകയും പിന്നീട് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി കോടതി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ ജുവനൈല്‍ ഹോമിലേക്ക് നേരത്തെ മാറ്റിയിരുന്നു. ജൂണ്‍ ആദ്യവാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെലങ്കാന എം.എല്‍.എയുടെ മകനടക്കം കേസില്‍ പ്രതികളാണ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്. കേസില്‍ കസ്റ്റഡിയിലെടുത്ത അഞ്ചാമത്തെയാള്‍ ജുവനൈല്‍ ഹോമില്‍ തുടരുകയാണ്. കേസിലെ മറ്റൊരു പ്രതിയായ സദുദ്ദീന്‍ മാലിക് ജയിലിലാണ്. കേസില്‍ പ്രായപൂര്‍ത്തിയായ പ്രതിയും ഇയാളാണ്.
മെയ് 28നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെത്തിക്കാം എന്നു പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റുകയും ഹൈദരാബാദിലെ ജൂബിലി ഹില്‍ ഭാഗത്ത് വച്ച് ആറു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിലെ പ്ലസ് വണ്ണിനും പ്ലസ് ടുവിനും പഠിക്കുന്ന വിദ്യാര്‍ഥികളാണ് പ്രതികളില്‍ അഞ്ചു പേരും. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. പ്രതികളെ തെലങ്കാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.