കൊച്ചി: സജി ചെറിയാനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായോ എന്ന് കോടതിക്ക് പരിശോധിക്കാന്‍ ആകില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. ഹരജി തള്ളണമെന്നും എജി ആവശ്യപ്പെട്ടു. നിയമപ്രശ്‌നം സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എജിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി ആഗസ്റ്റ് രണ്ടിന് പരിഗണിക്കാന്‍ മാറ്റി.
ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എം.എല്‍.എ ആയി തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി. ബിജുവാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി ഹരജിക്കാരന്റെ വാദങ്ങള്‍ സാധൂകരിക്കുന്ന, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കാല ഉത്തരവുകള്‍ അനുബന്ധ രേഖകള്‍ എന്നിവ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാന് എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യന്‍ ആക്കാന്‍ നിയമപരമായി സാധിക്കില്ലെന്നായിരുന്നു എജി കോടതിയെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്.