നാദാപുരം: ഗ്രാമ പഞ്ചായത്തില്‍ പ്രാദേശിക സാമ്പത്തിക വികസനം ഊട്ടിയുറപ്പിക്കുന്നതിനും സ്ത്രീകളെ തൊഴില്‍ മുഖത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്ന് 4% പലിശ നിരക്കില്‍ രണ്ടര കോടി രൂപ അയല്‍ക്കൂട്ട സംരംഭകര്‍ക്ക് പഞ്ചായത്ത് സി.ഡി.എസ് മുഖേന ലഭ്യമാക്കും. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ GOT പരിശീലനം നല്‍കുന്നതാണ് , മൂന്നുവര്‍ഷംകൊണ്ട് വായ്പ തിരിച്ചടക്കുന്ന പദ്ധതി പ്രകാരം 52 യൂണിറ്റുകള്‍ക്ക് ആണ് നാമമാത്ര പലിശക്ക് വായ്പ ലഭ്യമാകുന്നത്. സംരംഭം തുടങ്ങുന്നതിനായി ലോണ്‍ എടുക്കുന്ന ഗ്രൂപ്പുകളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍, സി.കെ സുബൈര്‍, മെമ്പര്‍മാരായ നിഷ മനോജ്, വി.പി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് വനിതകള്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന വിവിധ സംരംഭങ്ങളെ കുറിച്ച് യോഗത്തില്‍ പറഞ്ഞു. തുണി സഞ്ചി നിര്‍മാണം, ബാഗ് നിര്‍മാണം, പേപ്പര്‍ കവര്‍ ഫയല്‍ നിര്‍മാണം , ഫുഡ് പ്രോസസിങ്, കോഴി-ആട്-പശു വളര്‍ത്തല്‍ , അച്ചാര്‍ മസാല പൗഡര്‍ നിര്‍മാണം, ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയ സംരംഭങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് പഞ്ചായത്തില്‍ വച്ച് തന്നെ പരിശീലനം നല്‍കുന്നതാണ്. മെമ്പര്‍ സെക്രട്ടറി ടി.പ്രേമാനന്ദന്‍ സംരംഭകത്വ ലോണിന്റെ ഘടനയെക്കുറിച്ച് സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി പി റീജ സ്വാഗതവും കുടുംബശ്രീ അക്കൗണ്ടന്റ് കെ.സിനിഷ നന്ദിയും പ്രകാശിപ്പിച്ചു.