തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ്, സ്വര്‍ണക്കടത്ത് കേസ് ഇവയില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ ബി.ജെ.പി ദേശീയ നേതൃത്വം നല്‍കിയ ഊന്നുവടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവര്‍ന്നുനില്‍ക്കുന്നത്. ആ ഊന്നുവടിയുടെ ആവശ്യം കോണ്‍ഗ്രസ്സിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫും കോണ്‍ഗ്രസും പുതിയ ഊന്നുവടികള്‍ തേടുകയാണെന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു വി.ഡി സതീശന്‍.
കോണ്‍ഗ്രസ് ജനകീയ അടിത്തറ വിപുലപ്പെടുത്തും എന്ന് പറഞ്ഞതില്‍ മുഖ്യമന്ത്രി അസ്വസ്ഥനാകുന്നത് എന്തിനെന്നും സതീശന്‍ ചോദിച്ചു. സമീപകാലത്ത് മുഖ്യമന്ത്രിക്ക് അരക്ഷിതബോധം വല്ലാതെ വളരുകയാണ്. ആ അരക്ഷിത ബോധമാണ് മറ്റുള്ളവരെ പരിഹസിക്കാനും മറ്റുള്ളവരുടെ മേല്‍ കുതിരകയറാനും മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്.
കേരളത്തിലേയും ഇന്ത്യയിലേയും കോണ്‍ഗ്രസ് ഒരു വലതുപക്ഷ പാര്‍ട്ടിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങള്‍ നെഹ്‌റുവിയന്‍ സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. ഇടതുപക്ഷം എന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ല. വലതുപക്ഷം എന്നത് സി.പി.എം ഉണ്ടാക്കിയ ആഖ്യാനമാണ്. അത് കോണ്‍ഗ്രസിന് ചേരില്ല. വലതുപക്ഷമല്ല ഞങ്ങള്‍. ഇന്ന് മോദി ഭരണകൂടമാണ് തീവ്ര വലതുപക്ഷ നിലപാട് എടുക്കുന്നത്. അതിന് പിറകേയാണ് കേരളത്തിലെ സര്‍ക്കാരും ഇടതുപക്ഷവുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.