നാദാപുരം: ഗ്രാമപഞ്ചായത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുഴുവന്‍ വീടുകളിലും ദേശീയപതാക ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള ഹര്‍ ഗര്‍ തിരംഗ പരിപാടിയുടെ വിജയത്തിനായി ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളുടെ പ്രധാനധ്യാപകരുടെ യോഗം പഞ്ചായത്ത് എജ്യുക്കേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. ഓരോ വിദ്യാലയത്തിലും ആവശ്യമുള്ള പതാകയുടെ വിവരശേഖരണം യോഗത്തില്‍ വെച്ച് നടത്തി. കൂടാതെ സ്‌കൂളും പരിസരത്തുള്ള എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്നതിന് വേണ്ടി സ്‌കൂള്‍തലത്തില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സ്വാഗതസംഘം ചേരാന്‍ യോഗം തീരുമാനിച്ചു. ആസാദിക്ക അമൃത് പദ്ധതിയുടെ ഭാഗമായി മുഴുവന്‍ സ്‌കൂളുകളിലും വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്താന്‍ യോഗം തീരുമാനിച്ചു.
യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാരിയാട്ട് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, നിര്‍വഹണ ഉദ്യോഗസ്ഥന്‍ സി.എച്ച് പ്രദീപന്‍ മെംബര്‍മാരായ പി.പി ബാലകൃഷ്ണന്‍, വി.എ.സി മസ്ബൂബ, എ.കെ ബിജിത്ത്, ആയിഷ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍വച്ച് സേവനത്തില്‍ നിന്ന് വിരമിച്ച അധ്യാപകരായ ബഷീര്‍ മാസ്റ്റര്‍ എടച്ചേരി, എം. കുഞ്ഞാലി, കെ.കെ സുമതി, കെ.കെ റീന, കെ.അനിതകുമാരി, എന്‍. ശോഭന, പ്രമോദ് എന്നിവര്‍ക്കുള്ള പി.ഇ.സിയുടെ ഉപഹാരങ്ങള്‍ പ്രസിഡന്റ് വിതരണം ചെയ്തു.