- രണ്ടാഴ്ചക്കിടെയുണ്ടാകുന്ന നാലാമത്തെ ആത്മഹത്യയാണിത്
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. ശിവകാശിയിലെ അയ്യംപ്പെട്ടിയിലാണ് വിദ്യാര്‍ഥി തൂങ്ങി മരിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. പടക്ക നിര്‍മാണശാലയില്‍ ജോലിചെയ്യുന്ന കണ്ണന്‍ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളില്‍ മരിച്ചത്.
കള്ളക്കുറിച്ചിക്കും തിരുവള്ളൂരിനും കടലൂരിനും ശേഷമാണ് അയ്യംപെട്ടിയില്‍ നിന്നുള്ള ഈ വാര്‍ത്ത. രണ്ടാഴ്ചക്കിടെയുണ്ടാകുന്ന നാലാമത്തെ ആത്മഹത്യയാണിത്.
കടലൂര്‍ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെണ്‍കുട്ടിയാണ് ഇന്നലെ മരിച്ചത്. ആ കുട്ടിയെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെണ്‍കുട്ടി. പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നത് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു. അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കുട്ടി വിഷാദത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ ആവര്‍ത്തിച്ചുള്ള മരണങ്ങളില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ജീവിതം അമൂല്യമാണെന്നും ഏത് സാഹചര്യത്തിലായാലും ആത്മഹത്യാ ചിന്ത വെടിയണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ മാനസികമായും ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുന്ന സംഭവങ്ങളില്‍ ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും ഇന്നലെ ചെന്നൈയിലെ ഒരു കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്റ്റാലിന്‍ പറഞ്ഞു.