കോഴിക്കോട്: 20 വര്‍ഷത്തോളമായി സഹകരണ മേഖലയില്‍ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ജനങ്ങളുടെ ഹൗസ്‌ഹോള്‍ഡ് നാമധേയമായി മാറിയെന്ന്
ബാങ്ക് ചെയര്‍മാന്‍ ജി.നാരായണന്‍കുട്ടി മാസ്റ്റര്‍. ബാങ്കിങ് പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിലും ജീവകാരുണ്യ രംഗത്തും ബാങ്ക് ശ്രദ്ധേയമായ ഇടപെടലാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് നടത്തിയത്. ബാങ്കിന്റെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികളെക്കുറിച്ച് വിശദീകരിക്കാന്‍ കാലിക്കറ്റ് പ്രസ്‌ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളില്‍പോലും ബാങ്ക് തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ച് വരികയാണ്. 2012 ജൂലൈ 20ന് ബാങ്കിന്റെ കീഴില്‍ ആരംഭിച്ച സൗജന്യ ഡയാലിസിസ് സെന്ററിന്റെ പത്താംവാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കും. ഒരുരൂപ പോലും വാങ്ങാതെ പൂര്‍ണമായും സൗജന്യമായാണ് ഡയാലിസിസ് നല്‍കുന്നത്.
എം.വി.രാഘവന്‍ എന്ന ക്രാന്തദര്‍ശിയായ സഹകാരി കാണിച്ചുതന്ന ബാങ്കിങ് പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത എന്നത് ഇക്കാലമത്രയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2017ല്‍ ആരംഭിച്ച എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് ഇന്ത്യയിലെതന്നെ മികച്ച കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നാണ്. ഒരു കുടുംബത്തിലെ ഒരാളുടെ പേരില്‍ 15000 രൂപ നിക്ഷേപിക്കുമ്പോള്‍ അയാള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യചികിത്സ ലഭിക്കുകയും ഒരു കുടുംബത്തിലെ അഞ്ചുപേര്‍ 75000 രൂപ നിക്ഷേപിക്കുമ്പോള്‍ കുടുംബത്തിലെ ഒരാള്‍ക്ക് ചികിത്സ ആവശ്യമായി വന്നാല്‍ അഞ്ച്‌ലക്ഷം രൂപയിലധികം ചികിത്സാ ചിലവ് വരുമ്പോള്‍ മറ്റ് അംഗങ്ങളുടെ പൂളില്‍നിന്ന് 20 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യവും ലഭിക്കുന്ന പദ്ധതി ജനപക്ഷത്ത് ചേര്‍ന്ന് നില്‍ക്കുന്ന ബാങ്കിന്റെ ഇടപെടലുകളില്‍ പ്രധാനപ്പെട്ടതാണെന്ന് ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഇതിനകം 20,000 കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. ബാങ്കിന്റെ പ്രയാണത്തിന് പിന്തുണ നല്‍കിയ പൊതുസമൂഹം, സഹകാരികള്‍, സഹകരണ ഡി പ്പാര്‍ട്ട്‌മെന്റ് എല്ലാവരോടും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ഭാവിയിലും എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.