- പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയില്‍
തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ പുതിയ വിജ്ഞാപനം ഉടനെന്ന് കെ.റെയില്‍. സാമൂഹാകാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒന്‍പത് ജില്ലകളില്‍ തീര്‍ന്നു. എന്നിട്ടും, ഇപ്പോഴും പഠനം തുടരുകയാണ്. കല്ലിടല്‍ വിവാദമായതോടെ ജിയോ മാപ്പിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും എവിടെയുമെത്തിയില്ല. ഈ ഒരു സാഹചര്യത്തിലാണ് പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കി ഇറക്കുമെന്ന് കെ.റെയില്‍ അറിയിച്ചത്.
സര്‍വേയ്ക്ക് വേണ്ടി സമയം നീട്ടാനാവില്ലെന്നും പഠനത്തിന്റെ കാലാവധി കഴിഞ്ഞെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്ത് പുറത്ത് വന്നു. 6 മാസം കഴിഞ്ഞ പഠനം നീട്ടാന്‍ നിയമപരമായി സര്‍ക്കാരിനാകില്ലെന്നാണ് റവന്യു വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. റവന്യൂ വകുപ്പ് ചീഫ് സെക്രട്ടറി ഈ മാസം എട്ടിന് ജില്ലാ കലക്ടര്‍മാര്‍ക്ക് സാമൂഹിഘാകാത പഠനവുമായി ബന്ധപ്പെട്ട് അയച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചിലവാക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കെ റെയിലിന് മാത്രമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.